ന്യൂഡൽഹി
മണിപ്പുരിൽ ബിഷ്ണുപ്പുർ- ചുരാചന്ദ്പ്പുർ ജില്ലകളുടെ അതിർത്തിയിൽ മെയ്ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. നാലുദിവസമായി വെടിവയ്പിൽ മരണം എട്ടായി. 18 പേർക്ക് പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്.
ഏറ്റുമുട്ടലിൽ ഗാനരചയിതാവ് മാങ്ബോയി ലുങ്ദിം കൊല്ലപ്പെട്ടതിൽ കുക്കി വിഭാഗക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മെയ്ത്തീകളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ചുരാചന്ദ്പ്പുരിൽ തദ്ദേശീയ ഗോത്രനേതൃ സമിതി (ഐടിഎൽഎഫ്) ബന്ദിന് ആഹ്വാനംചെയ്തു. പൊലീസിൽനിന്നും സേനകളിൽനിന്നും തട്ടിയെടുത്ത ആയുധങ്ങൾ ഉപയോഗിച്ചാണ് മെയ്ത്തീകൾ ആക്രമിക്കുന്നതെന്ന് ഐടിഎൽഎഫ് ആരോപിച്ചു. ഗോത്രമേഖലകളിലേക്ക് കനത്ത ഷെല്ലാക്രമണമാണ്. അതുകൊണ്ടാണ് കുക്കി വിഭാഗത്തിൽ വലിയ നാശമുണ്ടായത്. മെയ്ത്തീകളുടെ ആയുധങ്ങൾ തിരിച്ചുപിടിക്കാൻ പൊലീസും കേന്ദ്രസേനകളും തയ്യാറാകണം–- ഐടിഎൽഎഫ് ആവശ്യപ്പെട്ടു.
അമിത് ഷായ്ക്ക് കത്തയച്ച് മേരി കോം
മണിപ്പുരിൽ ന്യൂനപക്ഷമായ കോം ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന ഗ്രാമങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബോക്സിങ് താരവുമായ മേരി കോം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മെയ്ത്തീ–- കുക്കി മേഖലകൾ യോജിക്കുന്ന പ്രദേശങ്ങളിലാണ് കോം ഗോത്രക്കാരുടെ ഗ്രാമങ്ങളേറെയും. മേരി കോമിന്റെ ഗ്രാമമായ കാങ്ഗതെയ്ക്കുസമീപം കഴിഞ്ഞ നാലുദിവസമായി രൂക്ഷമായ ഏറ്റുമുട്ടലാണ്. കോം വിഭാഗക്കാരെ ഇരുവിഭാഗവും സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്നും മേരി കോം കത്തിൽ വിശദീകരിച്ചു.