ന്യൂഡൽഹി
ഖനന- -എണ്ണ ഭീമനായ വേദാന്ത കമ്പനിക്കായി പരിസ്ഥിതി നിയമങ്ങൾ കേന്ദ്രം അട്ടിമറിച്ചെന്ന് വെളിപ്പെടുത്തൽ. പുതിയ പാരിസ്ഥിതിക അനുമതികൾ ആവശ്യമില്ലാതെ കമ്പനികൾക്ക് അമ്പതുശതമാനം ഉൽപ്പാദനം വർധിപ്പിക്കാൻ സാഹചര്യമൊരുക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ 2022ന്റെ തുടക്കത്തിൽ കണ്ണുംപൂട്ടി നടപ്പാക്കിയെന്ന് മാധ്യമപ്രവര്ത്തകരുടെ രാജ്യാന്തരകൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) ആണ് കണ്ടെത്തിയത്. വേദാന്തയുടെ ഉപ എണ്ണക്കമ്പനിയായ കെയിൻ ഓയിൽ ആൻഡ് ഗ്യാസ് രാജസ്ഥാന്റെ വടക്കൻ മരുഭൂമിയിൽ ഖനനത്തിന് അനുമതി നേടിയെടുത്തെന്നും വ്യക്തമാക്കുന്നു.
കോവിഡ് രൂക്ഷമായിരിക്കെ 2021ൽ വേദാന്ത റിസോഴ്സസ് ലിമിറ്റഡ് ചെയർമാൻ അനിൽ അഗർവാൾ പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കറിന് കത്തെഴുതിയതോടെയാണ് അട്ടിമറിയുടെ തുടക്കം. ഖനനാനുമതി നൽകുന്നത് കോവിഡാനന്തരം ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുണ്ടാക്കുമെന്നായിരുന്നു കത്ത്. ഇതിൽ അതിപ്രധാനം എന്ന് ജാവദേക്കർ കുറിച്ചു. വനം–-പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയോടും വനംവകുപ്പ് ഡയറക്ടർ ജനറലിനോടും നയതീരുമാനത്തിനായി ചർച്ച നടത്താനും ആവശ്യപ്പെട്ടു. വേദാന്ത ചീഫ് എക്സിക്യൂട്ടീവ് സുനിൽ ദുഗ്ഗൽ പ്രധാനമന്ത്രിക്കും കത്തുനൽകി. മോദിയുടെ ഓഫീസ് കൂടുതൽ പരിശോധനയില്ലാതെ ഇത് മന്ത്രാലയത്തിലേക്ക് നൽകി.
ആ വർഷം ജൂലൈയിൽ ചേർന്ന ആഭ്യന്തരസമിതി വേദാന്തയുടെ ആവശ്യം പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനമാണെന്നും പരിസ്ഥിതിലോല പ്രദേശങ്ങളിൽപ്പോലും അനിയന്ത്രിയ ഖനനത്തിന് കളമൊരുക്കുമെന്നും രേഖപ്പെടുത്തി. പൊതുജനാഭിപ്രായമടക്കം തേടണമെന്ന് ജോയിന്റ് എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടും കേന്ദ്രം തള്ളി.
ഒസിസിആർപിയുടെ ചോദ്യങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസും പരിസ്ഥിതി മന്ത്രാലയവും മൗനം തുടരുകയാണ്. 2016–-20 വർഷത്തിൽമാത്രം വേദാന്തയുമായി ബന്ധപ്പെട്ട രണ്ടു ട്രസ്റ്റുകൾ ബിജെപിക്ക് സംഭാവനയായി 43.5 കോടിയാണ് നൽകിയത്.