തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ ഏഴരവർഷംകൊണ്ട് പച്ചക്കറി, നെൽ ഉൽപ്പാദനത്തിൽ സംസ്ഥാനം വൻവളർച്ച നേടി. ഓണത്തിന് ഒരുമുറം പച്ചക്കറി, വിഷുക്കണി, ഞങ്ങളും കൃഷിയിലേക്ക് പദ്ധതികളിലൂടെയാണ് ഈ നേട്ടം കെെവരിക്കാനായത്. തരിശ് ഭൂമിയിലെ പ്രത്യേക പദ്ധതിയുമുണ്ട്. ഉൽപ്പാദന ക്ഷമതയിലും വർധനയുണ്ടായി. 2015–- 2016 കാലത്ത് ഒരു ഹെക്ടറിൽ 2547 കിലോ നെല്ലാണ് ലഭിച്ചിരുന്നത്. 2020–- 21ൽ ഇത് 3105 കിലോയായി. 2022–- 23ൽ സപ്ലൈകോ മാത്രം 7,31,184 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതേകാലയളവിൽ 7116 ഹെക്ടർ തരിശ്ഭൂമി കൃഷിയോഗ്യമാക്കി.
പഴം–- പച്ചക്കറികൾക്ക് താങ്ങുവില 2020 മുതൽ നൽകുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് ഒരുസംസ്ഥാനം താങ്ങുവില പ്രഖ്യാപിച്ച് നടപ്പാക്കിയത്. പച്ചക്കറിയുടെയും വാഴക്കൃഷിയുടെയും വിസ്തൃതി 75,000 ഹെക്ടറാക്കി ഉയർത്താനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്.