പുതുപ്പള്ളി
കടമെടുപ്പിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിനും കേരളത്തിനും രണ്ട് മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയും കടമെടുക്കാറുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ കടമായി കൂട്ടാറില്ല. കേരളത്തോട് പ്രത്യേക മനോഭാവംവച്ച് പെരുമാറുന്നതിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങളെന്ന് പുതുപ്പള്ളിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 12,000 കോടി രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് 20,000 കോടി രൂപയുടെ നഷ്ടമുണ്ടായി. കേന്ദ്ര ഗ്രാന്റ് 19,891 കോടി രൂപ ലഭിച്ചിരുന്നത് കഴിഞ്ഞവർഷം 4,749 കോടിയായി കുറഞ്ഞു. ഇനിയങ്ങോട്ട് ഗ്രാന്റ് തരില്ലെന്നും പറയുന്നു.
കേന്ദ്രസഹായത്തോടെയുള്ള പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ വിഹിതം 75 ശതമാനമായിരുന്നു. ഇത് 60 ശതമാനമായി വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന് ബാധ്യത കൂടി. സംസ്ഥാനം ഇത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടും ഒരു കോൺഗ്രസ് നേതാവെങ്കിലും ഇതിനെതിരെ പ്രതികരിച്ചോ? സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം പരിഷ്കരിച്ചപ്പോൾ 20,000 കോടി രൂപയുടെ അധികബാധ്യതയാണ് ഓരോ വർഷവും സർക്കാരിന് വന്നത്. എന്നിട്ടും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തിന്റെ സാമ്പത്തികരംഗത്ത് പുരോഗതിയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും മുഖം കറുക്കരുതെന്ന് കേരളത്തിലെ കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തങ്ങളുടെ പ്രവൃത്തിമൂലം കേന്ദ്രത്തിന്റെ മുഖം കറുക്കരുത്, നീരസത്തോടെ നോക്കരുത് എന്നാണ് കോൺഗ്രസിന്റെ നിലപാട്. ബിജെപിയുമായി രാഷ്ട്രീയധാരണയുണ്ടാക്കാൻ പോലും ഇവർ മടിക്കുന്നില്ല. വെറുപ്പിന്റെ, പകയുടെ, വിദ്വേഷത്തിന്റെ ശക്തികളുമായി ഒരുമറയുമില്ലാതെ യുഡിഎഫ് യോജിക്കുന്നു. നേരിയതോതിൽ പോലും ബിജെപിയെ വിമർശിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.