തൃശൂർ
പൂരത്തിന്റെ നാട്ടിൽ ജനസാഗരത്തിന്റെ കണ്ണും മനവും നിറച്ച് ചിങ്ങമാസത്തിലെ പൂരുരുട്ടാതി നാളിൽ പുലികളിറങ്ങി. വർണനകൾക്കതീതമായ ആവേശവും താളവും മേളവും നവലോക സന്ദേശം പകർന്ന നിശ്ചലദൃശ്യങ്ങളും പുലികളിയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി. ആർപ്പുവിളികളും ആരവവും നിറഞ്ഞാടിയ പുലിപൂരം കാർഷിക സംസ്കൃതിയുടെ 200 വർഷത്തെ പഴക്കമുള്ള ഉത്സവത്തിന് മാറ്റുകൂട്ടി. മാസങ്ങളുടെ തയ്യാറെടുപ്പും കഠിനാധ്വാനവും കരുത്തുപകർന്ന പുലികളി കാണാൻ ജനം നഗരത്തിലേക്ക് ഒഴുകി.
വെള്ളിയാഴ്ച വൈകിട്ട് നഗരചത്വരത്തിലിറങ്ങിയ പുലികൾ രാത്രി ഒമ്പതരവരെ നൃത്തച്ചുവടുമായി നീങ്ങി. അഞ്ചുദേശങ്ങൾ അണിനിരന്ന പുലിസംഘങ്ങൾ വിവിധ പുലിമടകളിൽനിന്നാണ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. പതിവുപോലെ നടുവിലാൽ ഗണപതിക്കുമുന്നിൽ തേങ്ങയുടച്ച് അവർ താളത്തിനൊത്ത് ചുവടുവച്ചു നീങ്ങി. ചരിത്രവും വർത്തമാനവും പുരാണവും ഹരിതസന്ദേശവും ഇഴചേർന്ന നിശ്ചലദൃശ്യങ്ങൾ ഓരോ സംഘത്തിനൊപ്പവും വൈദ്യുത വർണങ്ങൾ വാരിവിതറി. സീതാറാം മിൽ ദേശം, വിയ്യൂർ സെന്റർ, കാനാട്ടുകര, ശക്തൻ, അയ്യന്തോൾ എന്നീ ദേശങ്ങളാണ് പുലികളിയിൽ അരങ്ങുവാണത്. ഓരോ സംഘത്തിലും അറുപതോളം പുലികൾ നിരന്നു.
രാവിലെമുതൽ ശരീരത്തിൽ പുലികൾക്കായുള്ള ചായം പൂശൽ തുടങ്ങി. ഉച്ചയോടെ രംഗത്തുവന്നു. വൈകിട്ട് നഗരത്തിൽ ഇറങ്ങി. നാലു വർഷത്തിനുശേഷം ഇത്തവണ രണ്ട് പെൺപുലികളും ചുവടുവച്ചു. സിനിമ–- സീരിയൽ താരങ്ങളും മോഡലുകളുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോ, തളിക്കുളം സ്വദേശിനി താര എന്നിവരാണ് പുലികളായത്. ഇക്കുറി നിരവധി കുട്ടിപ്പുലികളും ചുവടുവച്ചു.