കൊച്ചി
ഏറെക്കാലമായി കാത്തിരുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം ട്രാക്കിലേക്ക്. ഫേസ് ടു–പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാംഘട്ടത്തിനായി ടെൻഡർ വിളിച്ചു. 20 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംഘട്ടത്തിന് ടെൻഡർ വിളിച്ചിരിക്കുന്നത്. സിഗ്നല്‍ സംവിധാനങ്ങള്‍ അടക്കമുള്ള സാങ്കേതിക ജോലികള്‍ക്കായി നാലുമാസം ആവശ്യമായി വരും. ആകെ രണ്ടു വര്‍ഷംകൊണ്ട് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും.
2025 നവംബര്‍ മാസത്തോടെ കാക്കനാട്–ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാർ 555.18 കോടി രൂപയും കേന്ദ്രം 338.75 കോടി രൂപയും പദ്ധതിക്കായി നൽകും. ഇതിനുപുറമെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് 1016 കോടി രൂപ വായ്പ അനുവദിക്കും. ബാങ്ക് അധികൃതർ പരിശോധനയ്ക്കായി 11നും 15നും ഇടയിൽ കൊച്ചിയിലെത്തും. നിർമാണ കരാർ നവംബറിൽ നൽകുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരേസമയം പലസ്ഥലത്ത് നിർമാണം നടത്തുമെന്നും ഇതിനായി റോഡിന്റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണെന്നും ബെഹ്റ പറഞ്ഞു. നിര്‍മാണം ആരംഭിക്കുന്നഘട്ടത്തില്‍ റോഡില്‍ എട്ട് മീറ്റര്‍ മീഡിയന് ആണ് ആവശ്യമായി വരുന്നത്. സുഗമമായ ഗതാഗതത്തിനായി ഇരുവശത്തും 5.5 മീറ്റര്‍ ക്യാരേജ് വേ ഉറപ്പുവരുത്തും.
രണ്ടാംഘട്ട നിർമാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊമേഴ്സ്യൽ സ്പേസും പാർക്കിങ് സ്ഥലവും ഒന്നാംഘട്ടത്തിലേതിലും കുറവായിരിക്കുമെന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഡിസംബറിൽ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടാംഘട്ടത്തിൽ 11 സ്റ്റേഷനുകളാണുള്ളത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള മെട്രോ സ്റ്റേഷന്റെ പൈലിങ് ജോലികൾ ആരംഭിച്ചിരുന്നു.