തിരുവനന്തപുരം
വ്യക്തിവിവര സംരക്ഷണനിയമം രാജ്യത്ത് നിലവിൽവന്ന മാസം തന്നെ അതിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനത്തെ 60 ലക്ഷം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവരങ്ങൾ അടിയന്തരമായി നൽകണമെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം ഭരണഘടനാവിരുദ്ധവും ഗൂഢലക്ഷ്യമുള്ളതുമാണെന്ന് സ്വതന്ത്ര ജനാധിപത്യ വിജ്ഞാന സഖ്യം (ഡിഎകെഎഫ്).
മൊബൈൽ ഫോൺ നമ്പർ, ആധാർ നമ്പർ, മതം, ജാതി, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ 65-ഓളം വിവരങ്ങളാണ് ഇപ്രകാരം എസ്എസ്കെ വഴി ‘യുഡൈസ് പ്ലസ്’ എന്ന പോർട്ടലിലൂടെ സ്കൂളുകളോട് നേരിട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാറ്റാ സംരക്ഷണ നിയമം പ്രായോഗികമായി നടപ്പാക്കാനാവശ്യമായ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ അനാവശ്യ ധൃതി കാണിച്ചും വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ഫണ്ട് നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വിവരം ശേഖരിക്കുന്നത്. ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ സംസ്ഥാനസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. കൃത്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയാണ് വിവരങ്ങൾ കേന്ദ്രം നേരിട്ട് ശേഖരിക്കുന്നത്. ജാതിയും മതവും പ്രദേശവും വേർതിരിച്ച് നിരീക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താനുമാണ് ശ്രമം. നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധമായ നീക്കം അവസാനിപ്പിക്കണമെന്നും പ്രതിഷേധം ഉയരണമെന്നും ഡിഎകെഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.