കൊച്ചി
ലക്ഷദ്വീപിൽ സ്കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടർ വീണ്ടും ഉത്തരവിറക്കി. വിദ്യാർഥിനികൾ സ്കൂൾ യൂണിഫോം ധരിച്ച് എത്തിയതിന്റെ ചിത്രവും യൂണിഫോം ധരിക്കാത്തവരുടെ എണ്ണവും ദിവസവും പ്രിൻസിപ്പൽമാർ ശേഖരിക്കണമെന്നും വ്യാഴാഴ്ച ഇറക്കിയ ഉത്തരവിലുണ്ട്.
ഈ അധ്യയനവർഷം ആദ്യമായി ദ്വീപ് സന്ദർശിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, വിദ്യാർഥിനികൾ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്കൂളുകളിൽ വരുന്നത് കണ്ടപ്പോഴാണ് അത് അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയത്. എന്നാൽ, ഹിജാബ് വിലക്കണമെങ്കിൽ അതുസൂചിപ്പിച്ച് കർശന നിർദേശമുള്ള ഉത്തരവ് വേണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് പുതുക്കിയ ഉത്തരവിറക്കിയത്. നിർദേശം ഭൂരിഭാഗം സ്കൂളുകളിലും നടപ്പാകാത്തതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് വിദ്യാഭ്യാസ ഡയറക്ടർ പറയുന്നു.
കഴിഞ്ഞ അധ്യയനവർഷം ഹിജാബ് ഒഴിവാക്കിയുള്ള യൂണിഫോം നിർബന്ധമാക്കിയപ്പോൾ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതോടെ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ വാക്കാൽ അനുമതി നൽകി. എന്നാൽ, ഈ അധ്യയനവർഷം വീണ്ടും വിലക്കുകയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളിൽ ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി ദ്വീപിന്റെ പ്രത്യേകതകൾ കണക്കിലെടുക്കാതെ യൂണിഫോം അടിച്ചേൽപ്പിക്കുന്നതിൽ ദ്വീപുനിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.