ആലപ്പുഴ
അരൂർ– -തുറവൂർ ഉയരപ്പാത നിർമാണഘട്ടത്തിലും 80 ശതമാനത്തിനു മുകളിൽ വാഹനങ്ങളും ദേശീയപാതയിലൂടെ തന്നെ കടത്തിവിടും. സമാന്തരപാതകൾ അവശ്യഘട്ടത്തിൽ ഉപയോഗിക്കാനാകുംവിധം സഞ്ചാരയോഗ്യമാക്കാനും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്. അടുത്തദിവസം ഡെപ്യൂട്ടി കലക്ടർ പ്രേംജിക്ക് റിപ്പോർട്ട് കൈമാറും.
സമാന്തരപാതയിലൂടെ ഗതാഗതം തിരിച്ചുവിടുന്നതിന് പരീക്ഷണയോട്ടം നടത്തിയിരുന്നു. സമാന്തരപാതയിൽ നേരിടുന്ന ഗതാഗതതടസം സംബന്ധിച്ചും റിപ്പോർട്ടിലുണ്ട്. ഉയരപ്പാത നിർമാണത്തിന് ദേശീയപാത പൂർണമായും അടച്ചിടണമെന്ന കരാറുകാരുടെ ആവശ്യം നടപ്പാകില്ല. 20 മുതൽ 25 മീറ്റർ വരെ നീളത്തിലേ ഗതാഗതപ്രശ്നം ഉണ്ടാകൂ. നിർമാണഘട്ടത്തിലും 5.5 മീറ്റർ വീതിയിൽ ദേശീയപാതയിൽ ഗതാഗതസൗകര്യം ഉണ്ടാകും. തിരക്കുകുറഞ്ഞ സമയത്താണ് സമാന്തരപാതയിൽ പരീക്ഷണയോട്ടം നടത്തിയത്. തിരക്കുകൂടിയ സമയത്തും പരീക്ഷണയോട്ടം നടത്തണമെന്ന നിർദേശം ഉയർന്നാൽ അതും നടത്തിയശേഷമേ ഗതാഗതം വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ.
അടിയന്തര സാഹചര്യത്തിൽ മാത്രം വഴിതിരിച്ചുവിട്ടാൽ മതിയെന്നാണ് നിലവിലെ തീരുമാനം. സമാന്തരപാതകൾ വലിയവാഹനങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കാൻ കഴിയില്ലെന്നതും അതിലൂടെയുള്ള സഞ്ചാരം കൂടുതൽ സമയമെടുക്കുമെന്നതുമാണ് കാരണം. 30 മാസമാണ് ഉയരപ്പാത നിർമാണത്തിന് വേണ്ടത്. അരൂർ മുതൽ തുറവൂർ വരെയാണ് ഉയരപ്പാത നിർമിക്കുന്നത്. ദേശീയപാതയിൽ 20–- 22 മിനിറ്റിൽ എത്തുമെങ്കിൽ സമാന്തരപാതയായ അരൂർ– അരൂക്കുറ്റി– തെക്കാട്ടുശേരി വഴി തുറവൂരിൽ എത്തണമെങ്കിൽ 45 മിനിറ്റുവേണ്ടിവരും. എറണാകുളം റൂട്ടിൽ ഇതുവരെ പരീക്ഷണയോട്ടം നടത്തിയിട്ടില്ല. എറണാകുളത്ത് ഗതാഗത നിയന്ത്രണം സംബന്ധിച്ച് യോഗങ്ങൾ അടുത്തദിവസം ആരംഭിക്കും. സമാന്തരപാതയിൽ റോഡരികിലെ പാർക്കിങും വ്യാപാരസ്ഥാപനങ്ങളും ഗതാഗത തടസം സൃഷ്ടിക്കും. തുറവൂർ–- ചാവടി–- – എഴുപുന്ന പാതയിലും സമാന അവസ്ഥയാണ്.