പുതുപ്പള്ളി
ബിജെപിയെ വിമർശിക്കാതെ പ്രായാധിക്യത്തിന്റെ അവശതയിലും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി യുഡിഎഫ് വേദികളിൽ എത്തി. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലടക്കം ദൃശ്യമായ ജനസഞ്ചയത്തെ ഓർമിപ്പിച്ച് അണികളെ ആവേശത്തിലാക്കാനായിരുന്നു ശ്രമം.
യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കിയ കിടങ്ങൂരിന് സമീപം പുതുപ്പള്ളിയിലെ യോഗത്തിൽ പ്രസംഗിക്കുമ്പോൾ പോലും സംഘപരിവാറിനെതിരെ ചിന്തിക്കാനുതകുന്ന വാക്കുകളുണ്ടായില്ല. ഉമ്മൻചാണ്ടിയുടെ തറവാട് വീടും കല്ലറയും ആന്റണി സന്ദർശിച്ചു.
ഈ സമയം അദ്ദേഹത്തിന്റെ മകൻ അനിൽ ആന്റണിയാകട്ടെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റും സ്ഥാനാർഥിയുമായ ലിജിൻ ലാലിനായി വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർഥിച്ചു. ‘‘ഈ രാജ്യത്തെ രക്ഷിക്കാൻ ബിജെപിക്കുമാത്രമെ കഴിയൂ ’’ വെന്നായിരുന്നു പ്രചാരണത്തിന്റെ കാതൽ. രാജ്യത്തെ വികസനം തടഞ്ഞ പാർടിയാണ് കോൺഗ്രസെന്നും കഴിഞ്ഞദിവസം ബിജെപി വക്താവായി സ്ഥാനക്കയറ്റം കിട്ടിയ അനിൽ, വോട്ടർമാരോട് പറഞ്ഞു. മൂന്നു ദിവസമായി അനിൽ മണ്ഡലത്തിലുണ്ട്.