ചെന്നൈ > തമിഴ്നാട്ടിലെ സ്കൂള്‍ പ്രഭാതഭക്ഷണ പദ്ധതിയെ പരിഹസിച്ച് സംഘ്പരിവാർഅനുകൂല പത്രമായ ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക പ്രതിഷേധം. വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിക്കുകയും പത്രം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ പത്രത്തിന്റെ ബാനറുകളും ബോര്‍ഡുകളും തകര്‍ത്തു. ഡിഎംകെയോടൊപ്പം ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള സംഘടനകളും വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി. കുംഭകോണത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചു.
പോഷകാഹാര പദ്ധതി വിപുലപ്പെടുത്തിയിതിന്റെ ഭാഗമായി തമിഴ്നാട്ടിലെ സ്കൂളുകളില്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഈ പദ്ധതിയെ അധിക്ഷേപിച്ച് കൊണ്ടാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പദ്ധതി സ്കൂളുകളില്‍ ടോയ്ലറ്റുകള് നിറയുന്നതിന് കാരണമാകുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.
ഡിണ്ടിഗൽ പളനി ആണ്ടവർ കോളേജിൽ നടന്ന എസ്എഫ്ഐ പ്രതിഷേധം
മനുസ്മൃതിയുടെ പ്രചാരകര്‍ തൊഴിലാളിവര്‍ഗത്തെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണം ചെയ്യുമ്പോള്‍ ‘എല്ലാവര്ക്കും വേണ്ടി’ എന്ന ആശയം ഉയര്‍ത്തി സാമൂഹ്യനീതി നേടിയെടുക്കാനാണ് ദ്രാവിഡ പ്രസ്ഥാനം ശ്രമിക്കുന്നതെന്ന് എം കെ സ്റ്റാലിന് പറഞ്ഞു. മനുധര്‍മമാണ് ദിനമലര്‍ പത്രം എന്നും കൊണ്ടുനടക്കുന്നത്. ശൂദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന രീതി തകര്‍ത്തത് ദ്രാവിഡഭരണമാണ്. അവരാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വിപ്ലവം വരെ കൊണ്ടുവന്നത്. 21ാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയക്കുമ്പോള്‍ സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നവര്‍ ഇത്തരമൊരു തലക്കെട്ടാണ് നല്കുന്നതെങ്കില് 100 വര്‍ഷം മുമ്പ് അതെന്തുചെയ്യുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും? സ്റ്റാലിന് ചോദിച്ചു.
വിദ്യാഭ്യാസം നിറയുന്നത് ശ്രദ്ധിക്കുന്നതാണ് ദ്രാവിഡ സംസ്കാരമെങ്കില്‍ ടോയ്ലറ്റുകള് നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കലാണ് ആര്യന്മാരുടെ സംസ്കാരമെന്ന് തമിഴ്നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന് പറഞ്ഞു.