ന്യൂഡല്‍ഹി> ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്കി കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.
മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക..ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് പാനല്‍ നേരത്തെ പരിശോധിച്ചിരുന്നു. അതേസമയം, ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ആര്‍എസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ആശയം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ആര്‍എസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതല്‍ മുന്നോട്ടുവെയ്ക്കുന്നതാണ്. 1999 ലെ ലോ കമീഷന് റിപ്പോര്‍ട്ടിലും ഈ നിര്‍ദേശം ഉള്‍പ്പെടുത്തി. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉള്‍പ്പെട്ടു. 2017 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങില്‍ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വര്‍ഷം നിതി ആയോഗിന്റെ ഭാഗമായി ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിര്‍ദേശം ആവര്‍ത്തിച്ചു. 2019 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയം ആവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാര്‍ടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.