കൊച്ചി
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയിട്ട് അരനൂറ്റാണ്ട് തികയുന്ന വർഷത്തിൽ മുഖ്യകോച്ചായി സതീവൻ ബാലൻ. ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ തിരുവനന്തപുരം സ്വദേശി പരിശീലിപ്പിക്കും. അദ്ദേഹത്തിന്റെ രണ്ടാം ഊഴമാണ്. 2018ൽ ആദ്യതവണ കേരളത്തിന് കിരീടം നേടിക്കൊടുത്തു. പി കെ അസീസാണ് അസി. കോച്ച്. ഹർഷൽ റഹ്മാൻ ഗോൾകീപ്പിങ് കോച്ചാണ്. നാളെ മലപ്പുറത്ത് തുടങ്ങുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിനുശേഷം പരിശീലന ക്യാമ്പ് തുടങ്ങും.
അമ്പത്തെട്ടുകാരനായ സതീവൻ ഏത് സാഹചര്യത്തിലും കിരീടം നേടാൻ കഴിവുള്ള കോച്ചായാണ് അറിയപ്പെടുന്നത്. അച്ചടക്കവും കഠിനാധ്വാനവുമാണ് മുഖമുദ്ര. 13 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് 2018ൽ കോച്ചായപ്പോൾ ദേശീയ കിരീടം നേടിയത്. പി കെ അസീസ് എഫ്സി കേരള ക്ലബ്ബിന്റെ കോച്ചായിരുന്നു. സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. തൃശൂർ പറപ്പൂര് സ്വദേശി കേരള വനിതാ സീനിയർ ടീം, കലിക്കറ്റ് സർവകലാശാലാ ടീം എന്നിവയുടെയും മുഖ്യകോച്ചായിരുന്നു.
കോഴിക്കോട്ടുകാരനായ പി വി ഹർഷൽ റഹ്മാൻ ദീർഘകാലം എസ്ബിടി ടീമിന്റെ ഗോളിയായിരുന്നു. സംസ്ഥാന ജൂനിയർ ടീം അസി. കോച്ച്, കലിക്കറ്റ് സർവകലാശാലാ ഗോൾകീപിങ് കോച്ച് ചുമതലകൾ വഹിച്ചിട്ടുണ്ട്. എസ്ബിഐയുടെ കോഴിക്കോട്ടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഡെപ്യൂട്ടി മാനേജരാണ്.
കഴിഞ്ഞതവണ കേരളം ഫൈനൽ റൗണ്ടിലെത്തിയെങ്കിലും സെമിയിൽ കടന്നില്ല. 36 ടീമുകൾ ആറ് ഗ്രൂപ്പായി തിരിഞ്ഞാണ് പ്രാഥമിക റൗണ്ട്. ആറ് ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാർ, മികച്ച നാല് രണ്ടാംസ്ഥാനക്കാർ, നിലവിലെ ജേതാക്കൾ, റണ്ണറപ്പ് എന്നിവർ ചേർന്നതാണ് ഫൈനൽ റൗണ്ട്. കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ഛത്തീസ്ഗഢിലായിരിക്കും. ഫൈനൽ റൗണ്ട് അരുണാചൽ പ്രദേശിലാണ്. കേരളം ഏഴുതവണ ജേതാക്കളായി. 2022ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് അവസാന കിരീടം.















