ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിലെ പുരുഷ സിംഗിൾസ് റണ്ണറപ്പ് അഞ്ചാംറാങ്കുകാരനായ നോർവെയുടെ കാസ്പർ റൂഡിനെ വീഴ്ത്തി ചൈനയുടെ സാങ് സിസെൻ മൂന്നാംറൗണ്ടിലേക്ക് മുന്നേറി. ലോക റാങ്കിങ്ങിൽ അറുപത്തേഴാംസ്ഥാനത്തുള്ള ഇരുപത്താറുകാരന്റെ ചരിത്രവിജയം മൂന്ന് മണിക്കൂറും 19 മിനിറ്റുമെടുത്താണ്. അഞ്ച് സെറ്റ് പോരാട്ടത്തിൽ 6–-4, 5-–-7, 6–-2, 0–-6, 6-–-2നാണ് വിജയം. ഒരു ചൈനീസ് താരം അഞ്ചു റാങ്കിൽ ഉള്ളവരെ തോൽപ്പിക്കുന്നത് ആദ്യമാണ്.
ഏഴാം സീഡായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനും അടിതെറ്റി. സ്വിറ്റ്സർലൻഡ് താരം ഡൊമനിക് സ്റ്റീഫൻ സ്ട്രിക്കർ അഞ്ചു സെറ്റ് പോരാട്ടത്തിലാണ് ജയിച്ചത്. ഓസ്ട്രിയയുടെ ഡൊമനിക് തീം മത്സരത്തിനിടെ പരിക്കേറ്റ് പിൻമാറി. സെർബിയൻ താരം നൊവാക് ജോകൊവിച്ച് മൂന്നാം റൗണ്ടിൽ കടന്നു. സ്പാനിഷ് താരം സപാറ്റ മില്ലറസിനെ തോൽപ്പിച്ചു.
വനിതകളിൽ ചാമ്പ്യനായ പോളണ്ടിന്റെ ഇഗ ഷ്വാടെക് മൂന്നാംറൗണ്ടിൽ കടന്നു. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും രണ്ടാംറൗണ്ടിലെത്തി.















