കൊൽക്കത്ത
ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ കൊൽക്കത്ത ക്ലബ്ബുകളുടെ കിരീടപ്പോരാട്ടം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രണ്ടാംസെമിയിൽ എഫ്സി ഗോവയെ 2–-1ന് മറികടന്നാണ് ബഗാൻ ഫൈനൽ ഉറപ്പാക്കിയത്. 2004നുശേഷം ആദ്യമായാണ് ഡ്യുറൻഡ് കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളും ബഗാനും മുഖാമുഖമെത്തുന്നത്. ഈസ്റ്റ് ബംഗാളിനായിരുന്നു ജയം.
ഗോവയ്ക്കെതിരെ പിന്നിട്ടുനിന്നശേഷമായിരുന്നു ബഗാന്റെ തിരിച്ചുവരവ്. നോഹ സദൂയിയുടെ ഗോളിൽ ഗോവ തുടക്കത്തിൽ ലീഡ് നേടി. എന്നാൽ, പെനൽറ്റിയിലൂടെ ജാസൺ കമ്മിങ്സ് ബഗാന്റെ സമനില പിടിച്ചു. ഇടവേളയ്ക്കുശേഷം പകരക്കാരനായെത്തിയ അൽബേനിയൻ താരം അർമാൻഡോ സാദിക്കുവാണ് കൊൽക്കത്തക്കാരുടെ വിജയഗോൾ നേടിയത്. 2000ലായിരുന്നു ബഗാൻ അവസാനമായി ഡ്യുറൻഡ് കപ്പ് നേടിയത്.















