മൊണാക്കോ
യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിന്. ലയണൽ മെസിയെയും സിറ്റിയിലെ സഹതാരം കെവിൻ ഡി ബ്രയ്നെയും മറികടന്നാണ് ഹാലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. സിറ്റിക്കൊപ്പം കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടി. 53 കളികളിൽ 52 ഗോളും കുറിച്ചു.
വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്താന ബൊൻമാറ്റി തിളങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ബൊൻമാറ്റി. സിറ്റിയുടെ പെപ് ഗ്വാർഡിയോളയാണ് മികച്ച പരിശീലകൻ. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ സറീന വീഗ്മാനും നേട്ടംകുറിച്ചു.















