സൂറിച്ച്
സൂറിച്ച് ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. മലയാളി താരം എം ശ്രീശങ്കർ അഞ്ചാമതായി.
ജാവലിൻ ത്രോയിൽ 85.71 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനം. ലോക മീറ്റിൽ വെങ്കലം നേടിയ ചെക്ക് താരം ജാകൂബ് വാഡിൽജക് 85.86 മീറ്ററോടെ ഒന്നാമതായി. അഞ്ചാമതുണ്ടായിരുന്ന നീരജ് നാലാമത്തെ ഏറിലാണ് കുതിച്ചത്. ആദ്യത്തേത് 80.79 മീറ്ററായിരുന്നു. അടുത്തത് രണ്ടും ഫൗളായി. 85. 22 മീറ്റർ താണ്ടിയ നാലാമത്തെ ഏറിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ചാമത്തേത് പാഴായപ്പോൾ അവസാന ത്രോ മെച്ചപ്പെട്ടെങ്കിലും ജാകൂബിനെ മറികടക്കാനായില്ല. ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്ററോടെയാണ് സ്വർണം നേടിയത്. ജർമനിയുടെ ജൂലിയൻ വെബർ 85.04 മീറ്ററോടെ മൂന്നാമതായി.
ലോങ്ജമ്പിൽ ലോക ചാമ്പ്യൻ ഗ്രീസിൻ്റെ മിൽതിയാഡിസ് ടെന്റോഗ്ലു 8.20 മീറ്റർ ചാടി ഒന്നാമതെത്തി. ജമൈക്കയുടെ തജയ് ഗെയ്ൽ(8.07), അമേരിക്കയുടെ ജാറിസൺ ലോസൺ(8.05) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ചെക്ക് താരം റെഡക് ജുസ്ക 8.04 മീറ്ററോടെ നാലാമതായി.
അഞ്ചാമതെത്തിയ ശ്രീശങ്കറിന് ചാടാനായത് 7.99 മീറ്റർ. ആദ്യ ചാട്ടത്തിലെ ഈ ദൂരം മെച്ചപ്പെടുത്താൻ പിന്നീട് സാധിച്ചില്ല. വനിതകളുടെ 100, 200 മീറ്ററുകളിൽ ലോക ചാമ്പ്യൻമാർ ഒന്നാമതെത്തി. വേഗക്കാരി അമേരിക്കയുടെ ഷകാറി റിച്ചാർഡ്സനെ വെല്ലാനാളില്ലായിരുന്നു. 200 മീറ്ററിൽ ജമൈക്കയുടെ ഷെറീക ജാക്സനാണ് ഒന്നാം സ്ഥാനം. പുരുഷന്മാരുടെ 200 മീറ്ററിൽ ലോക ചാമ്പ്യൻ നോഹ ലെയ്ൽസ് ഒന്നാമതെത്തി.















