കൊളംബോ
ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻമാരായ ശ്രീലങ്ക ജയത്തോടെ തുടങ്ങി. ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. സ്കോർ: ബംഗ്ലാദേശ് 164 (42.4), ശ്രീലങ്ക 5–-169 (39).
ജയിക്കാൻ 165 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ തുടക്കത്തിൽ ബംഗ്ലാദേശ് ബൗളർമാർ വിറപ്പിച്ചു. നാലാം ഓവറിൽ 15 റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാർ മടങ്ങി. പതും നിസങ്ക 14 റണ്ണെടുത്തപ്പോൾ ദിമുത് കരുണരത്നെ നേടിയത് ഒരു റൺ. വൈകാതെ കുശാൽ മെൻഡിസും (5) പുറത്തായി. പത്താംഓവറിൽ 43 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി.
തുടർന്ന് സദീര സമരവിക്രമയും ചരിത് അസലങ്കയും വിജയത്തിന് അടിത്തറയൊരുക്കി. ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 78 റണ്ണടിച്ചു. 77 പന്തിൽ 54 റൺ നേടിയ സദീരയെ സ്പിന്നർ മഹ്ദി ഹസന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഷ്ഫിഖർ റഹീം സ്റ്റമ്പ് ചെയ്തു. രണ്ട് റണ്ണെടുത്ത ധനഞ്ജയ ഡിസിൽവയെ ബൗൾഡാക്കി ഷാക്കിബ് അൽ ഹസൻ കളി തിരിക്കാൻ ശ്രമിച്ചു. എന്നാൽ, അർധസെഞ്ചുറിയുമായി അസലങ്ക വിജയമൊരുക്കി (92 പന്തിൽ 62).
ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ബംഗ്ലാദേശ് തീരുമാനം പിഴച്ചു. 89 റണ്ണെടുത്ത നജ്മുൽ ഹുസൈൻ ഷാന്റോ മാത്രമാണ് പൊരുതിനിന്നത്. 122 പന്ത് നേരിട്ട് ഏഴ് ഫോറടിച്ചു. പേസർ മതീഷ പതിരണയും സ്പിന്നർ മഹീഷ് തീക്ഷ്ണയും ചേർന്നാണ് ബംഗ്ലാദേശിനെ പൂട്ടിയത്. പതിരണ 7.4 ഓവറിൽ 32 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. തീക്ഷ്ണയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
ഇന്ന് കളിയില്ല. നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ പാകിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു.















