ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റസുഹൃത്തും അദാനി ഗ്രൂപ്പ് സ്ഥാപകനുമായ ഗൗതം അദാനി രാജ്യത്തെയും ഓഹരി ഉടമകളെയും വഞ്ചിച്ചതിന്റെ കൂടുതല് തെളിവുകള് പുറത്ത്. അദാനി കുടുംബത്തിന്റെ കൂട്ടാളികൾ കള്ളപ്പണ നിക്ഷേപ കേന്ദ്രങ്ങൾവഴി വർഷങ്ങളോളം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടിയെന്ന് വെളിപ്പെടുത്തല്. ഓഹരിവിപണിയിൽ അദാനിഗ്രൂപ്പിന്റെ ആസ്തിമൂല്യം കൃത്രിമമായി പെരുപ്പിച്ച് കാട്ടാനും ഇന്ത്യയിലെ ചട്ടങ്ങൾ മറികടക്കാനുമാണ് മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങള് വഴി തിരിമറി നടത്തിയതെന്ന് മാധ്യമപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഓര്ഗനൈസ്ഡ് ക്രൈം ആന്ഡ് കറപ്ഷന് റിപ്പോര്ട്ടിങ് പ്രോജക്ട് (ഒസിസിആർപി) കണ്ടെത്തി. ഗൗതം അദാനി, സഹോദരൻ വിനോദ് അദാനി എന്നിവരുടെ അടുപ്പക്കാരായ നാസർ അലി ഷബാൻ അഹ്ലി (യുഎഇ), ചാങ്ചുങ് ലിങ് (തയ്വാൻ) എന്നിവരാണ് പണം ഒഴുക്കിയതെന്ന് റിപ്പോർട്ടിനെ അധികരിച്ച് ദ ഫിനാൻഷ്യൽ ടൈംസ്, ദ ഗാർഡിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. തട്ടിപ്പ് പുറത്തുവന്നതിനുപിന്നാലെ അദാനി കമ്പനികളുടെ ഓഹരിമൂല്യം രണ്ടുമുതൽ നാലു ശതമാനംവരെ ഇടിഞ്ഞു.

ഷബാൻ അഹ്ലിയുടെയും ചാങ്ങിന്റെയും നിക്ഷേപ ഫണ്ട് മാനേജർമാർ അദാനിഗ്രൂപ്പിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്. ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ്, ചാങ്ങിന്റെ ലിങ്കോ ഇൻവെസ്റ്റ്മെന്റ്, ഷബാൻ അഹ്ലിയുടെ ഗൾഫ് അരിജ് ട്രേഡിങ്, മിഡ് ഈസ്റ്റ് ഓഷൻ ട്രേഡ്, അലി നിയന്ത്രിച്ചിരുന്ന ഗൾഫ് ഏഷ്യാട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്നീ സ്ഥാപനങ്ങൾവഴി 2013–-2018 കാലത്ത് അദാനിഗ്രൂപ്പിന്റെ നാലു കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. ശതകോടിക്കണക്കിന്ളറാണ് ഇതിനായി വിനിയോഗിച്ചത്. 2017 മാർച്ചിൽ ഈ നിക്ഷേപങ്ങളുടെ മൂല്യം 43 കോടി ഡോളറായി (3300 കോടിയോളം രൂപ) ഉയർന്നു.
അദാനി പവർ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി ട്രാൻസ്മിഷൻസ് എന്നീ കമ്പനികളിൽ 14 ശതമാനംവരെ ഓഹരിപങ്കാളിത്തം ഷബാൻ അഹ്ലിയുടെയും ചാങ്ങിന്റെയും സ്ഥാപനങ്ങൾക്ക് ലഭിച്ചു. ഇവർ ബിനാമികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചട്ടവിരുദ്ധമായ ഓഹരിവിൽപ്പനയെക്കുറിച്ച് 2014ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണം തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ല. അന്ന് സെബി തലവനായ യു കെ സിൻഹ നിലവിൽ അദാനിയുടെ ഉടമസ്ഥതയിലുള്ള എൻഡിടിവിയുടെ ഡയറക്ടറും ചെയർപേഴ്സണുമാണ്.
അമേരിക്കൻ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് ജനുവരിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരിതിരിമറികളെക്കുറിച്ച് അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആരോപണങ്ങൾ അദാനിഗ്രൂപ്പ് നിഷേധിച്ചെങ്കിലും സുപ്രീംകോടതി സമിതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയരംഗത്തും റിപ്പോർട്ട് വൻചലനങ്ങൾ സൃഷ്ടിച്ചു. പുതിയ റിപ്പോർട്ടിലെ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ചു.















