ന്യൂഡൽഹി
അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം ഒഴുക്കലും ഓഹരിവിപണിയിലെ തിരിമറിയും സംബന്ധിച്ച പുതിയ റിപ്പോർട്ട് വരുമ്പോള് പ്രതിക്കൂട്ടിലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഹരി തിരിമറിയെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോഴും പ്രധാനമന്ത്രി മൗനംപാലിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം സ്തംഭിച്ചിട്ടും പ്രതികരിച്ചില്ല. അദാനി കമ്പനി ഓഹരികളിലേക്ക് കള്ളപ്പണം ഒഴുകുന്നതിനെക്കുറിച്ച് 2014ൽ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല.
പ്ലാസ്റ്റിക് സാമഗ്രികളുടെ നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ ചെറുകിട ഇറക്കുമതിക്കാരനായിരുന്ന ഗൗതം അദാനി ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായശേഷം കുതിച്ചുകയറിയതിന്റെ വിവരണം 2013ൽ ‘ഇക്കണോമിക് ടൈംസ്’ പ്രസിദ്ധീകരിച്ചിരുന്നു. 2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ അദാനിയുടെ ആസ്തിമൂല്യം 50,000 കോടി രൂപയായിരുന്നു. 2022ൽ ഇത് 10.33 ലക്ഷം കോടിയായി.
പാപ്പർ കേസുകളിലായിരുന്ന കമ്പനികളുടെ ആസ്തികൾ ഏറ്റെടുത്തു. ഇവർക്ക് പണം എവിടെനിന്ന് കിട്ടുന്നുവെന്നത് സമസ്യയായി. 2018ൽ അദാനി ഗ്രൂപ്പിന്റെ ലാഭം 3455 കോടി രൂപയായിരുന്നു. ഇവർ പ്രഖ്യാപിച്ചത് 1,67,000 കോടി രൂപയുടെ പദ്ധതികളും. മൂല്യം പെരുപ്പിച്ചു കാട്ടിയ ഓഹരികൾ പണയംവച്ച് ബാങ്ക് വായ്പകൾ എടുത്തു. സർക്കാർ സഹായം യഥേഷ്ടം കിട്ടി. അദാനി പവറിനെ പാപ്പർ നടപടികളിൽനിന്ന് രക്ഷിച്ചു. ശ്രീലങ്കയിൽ അദാനിക്ക് പദ്ധതി ലഭിക്കാൻ ഗോതബായ രജപക്സെയോട് മോദി ശുപാർശ ചെയ്തുവെന്ന് റിപ്പോർട്ടുകൾ വന്നു. വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ ചട്ടങ്ങൾ വഴിമാറി. കൽക്കരി ഇറക്കുമതിയിലെ ക്രമക്കേട് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ അന്വേഷണം ആവിയായി.
ഹിൻഡൻബെർഗ് ഉന്നയിച്ച 88ൽ 62 ചോദ്യത്തിനും അദാനി ഗ്രൂപ്പ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഗൗതം അദാനിയും സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്റെ കടലാസ് കമ്പനിയും നൂറുകണക്കിന് കോടി ഡോളർ സംശയകരമായി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിച്ചത് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിരുന്നു. മൗറീഷ്യസ്, യുഎഇ, സിംഗപ്പൂർ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽനിന്നാണ് വിനോദ് അദാനിയുടെ നിക്ഷേപം ഒഴുകിവന്നത്.
അന്വേഷണം വേണം: സിപിഐ എം
അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിൽ ഗൗരവമായ അന്വേഷണം വേണമെന്നും ഇത് ഒളിപ്പിക്കുന്നത് തടയാൻ സുപ്രീംകോടതി ഇടപെടണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിക്കാൻ അദാനിഗ്രൂപ്പ് ഓഹരിവിലകളിൽ തിരിമറി നടത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വിനോദ് അദാനിയുടെ രണ്ട് കൂട്ടാളികൾ കടലാസ് കമ്പനികൾ രൂപീകരിച്ച് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങിക്കൂട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അദാനി കമ്പനികളിൽ വിദേശത്തുനിന്ന് നിക്ഷേപങ്ങൾ എത്തുന്നതിനെക്കുറിച്ച് 2014ൽ സെബി അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് അവസാനിപ്പിച്ചെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓഹരിവിപണിയിലെ വ്യാപക തട്ടിപ്പിലും തിരിമറിയിലും നടപടി സ്വീകരിക്കില്ലെന്ന് ഇതുവരെ ഉറപ്പാക്കിയത് അദാനിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പമാണ്–-പിബി പ്രസ്താവനയിൽ പറഞ്ഞു.















