ന്യൂഡൽഹി
കൊലപാതകക്കേസ് പ്രതിക്ക് ഇരയുടെ മകനുമായുണ്ടാക്കിയ ഒത്തുതീർപ്പിന്റെ പേരിൽ ജാമ്യം നൽകിയ ഗുജറാത്ത് ഹൈക്കോടതി നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. ജാമ്യം നൽകിയ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽത്തന്നെ അപ്പീൽ നൽകാതിരുന്ന ഗുജറാത്ത് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. ഹർജിക്കാരനെയും പർവിൻഭായി എന്നയാളെയും രണ്ടുപ്രതികൾ ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പർവിൻഭായി പിന്നീട് മരിച്ചു. കസ്റ്റഡിയിലിരിക്കെ പർവിൻഭായിയുടെ മകനുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാട്ടി മുഖ്യപ്രതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി ജാമ്യംനേടുകയായിരുന്നു.
വിചാരണക്കോടതി ഇയാൾക്ക് രണ്ടുതവണ ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നൽകിയതിന് എതിരെ പരിക്കേറ്റ മറ്റേയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം ചെയ്തയാൾക്ക് ഒത്തുതീർപ്പിന്റെ പേരിൽ ജാമ്യം നൽകിയത് ഞെട്ടിക്കുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്കരേഖപ്പെടുത്തിയ ബെഞ്ച് പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെയും വിമർശിച്ചു. പ്രതിയുടെ ജാമ്യം ജസ്റ്റിസുമാരായ ഹിമ കോഹ്ലി, രാജേഷ് ബിന്ദാൽ എന്നിവരുടെ ബെഞ്ച് റദ്ദാക്കി. ഇയാളോട് വിചാരണക്കോടതിക്ക് മുന്നിൽ ഉടൻ ഹാജരാകാനും ആവശ്യപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് നടപടിക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുനൽകാനും നിർദേശമുണ്ട്.















