ചെന്നൈ> തമിഴ്നാട് വിജിലന്സിന് ഓന്തിന്റെ സ്വഭാവമെന്ന് മദ്രാസ് ഹൈക്കോടതി.തമിഴ്നാട് മുന് മുഖ്യമന്ത്രി ഒ പനീര്സെല്വത്തെ വെറുതേ വിട്ട ഉത്തരവ് പുനഃപരിശോധിക്കുന്നതിന്റെ കാരണങ്ങള് നിരത്തിക്കൊണ്ടാണ് കോടതി രൂക്ഷ വിമര്ശനം ഉന്നയിച്ചത്.
ഭരണം മാറുന്നതിന് അനുസരിച്ച് വിജിലന്സിന്റെ നിറവും സ്വഭാവവും മാറുന്നെന്നും കോടതി വിമര്ശിച്ചു. നിര്ഭാഗ്യവശാല് പ്രത്യേക കോടതികള് ഇതിന് ഒത്താശ നല്കുകയാണെന്നും കോടതി പറഞ്ഞു.ഒപിഎസിനെ രക്ഷിക്കാന് വിജിലന്സിന്റെ വഴിവിട്ട നീക്കം ഉണ്ടായെന്ന് ജസ്റ്റിസ് എന് ആനന്ദ് വെങ്കിടേശിന്റെ ബെഞ്ച് വ്യക്തമാക്കി.
ഡിഎംകെ സര്ക്കാരിന്റെ ഭരണകാലത്താണ് വിജിലന്സ് ഒപിഎസിനെതിരേ കേസെടുത്തത്. മന്ത്രിയായിരുന്ന കാലയളവില് ഒപിഎസിന്റെ സ്വത്തില് 374 ശതമാനത്തിന്റെ വളര്ച്ചയുണ്ടായതായി കണ്ടെത്തി. ഇതനുസരിച്ച് വിജിലന്സ് കുറ്റപത്രവും സമര്പ്പിച്ചു.
ഇതിന് പിന്നാലെ എഐഎഡിഎംകെ അധികാരത്തിലെത്തിയപ്പോള് കേസില് പുനരന്വേഷണം വേണമെന്ന് ഒപിഎസ് തന്നെ കോടതിയില് ആവശ്യപ്പെട്ടു. ഇതോടെ കേസില് തെളിവില്ലെന്ന് വിജിലന്സ് റിപ്പോര്ട്ട് നല്കി. ഈ റിപ്പോര്ട്ട് അംഗീകരിച്ച പ്രത്യേക കോടതി ഒപിഎസിനെ വെറുതേ വിടുകയായിരുന്നെന്നും കോടതി വ്യക്തമാക്കി