മുസഫർനഗർ (യുപി) > പത്തുവർഷം മുമ്പ് മുസഫർനഗർ ജില്ലയിൽ ആളിപ്പടർന്ന വർഗീയകലാപം സ്പർശിക്കാത്ത ചുരുക്കം പ്രദേശങ്ങളിലൊന്നാണ് കുതുബ്പ്പുർ. കരിമ്പ് കൃഷികൊണ്ട് ഉപജീവിക്കുന്ന ഹിന്ദു–- മുസ്ലിം സെയ്നി വിഭാഗക്കാരായ ചെറുകിട കർഷകരാണ് ഗ്രാമത്തിലേറെയും. ചെറിയ മൺപാതകൾക്ക് അതിരിട്ട് ഇഷ്ടികയാൽ കെട്ടിയുയർത്തിയ സിമന്റ് തേയ്ക്കാത്ത കൊച്ചുവീടുകൾ നിരനിരയായി കാണാം. അത്തരമൊരു മൺപാത അവസാനിക്കുന്നിടത്താണ് ഇർഷാദിന്റെ കൂട്ടുകുടുംബം. നാല് സഹോദരൻമാരും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി ഇരുപതോളംപേർ രണ്ട് ചെറിയ വീടുകളിലായി കഴിയുന്നു.
കുതുബ്പ്പുർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഒരു വീഡിയോ ദൃശ്യത്തെ തുടർന്നാണ്. നേഹ പബ്ലിക്ക് സ്കൂളിൽ രണ്ടാംക്ലാസിൽ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്റെ മുഖത്ത് അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ ആഞ്ഞടിക്കുന്ന കാഴ്ച സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. ഇർഷാദിന്റെ മൂന്ന് ആൺമക്കളിൽ ഇളയ ആൾക്കാണ് ദുരനുഭവമുണ്ടായത്. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും രാജ്യസഭാംഗം ജോൺ ബ്രിട്ടാസും ഉൾപ്പെടുന്ന സിപിഐ എം സംഘത്തോട് സംഭവങ്ങൾ ഇർഷാദിന്റെ കുടുംബം വിവരിച്ചു. ഭയം കാരണം ആ കുരുന്ന് ഉറങ്ങാതെ ചെലവഴിച്ച രാത്രികൾ. മീറത്തിൽ ഡോക്ടറെ കാണിക്കേണ്ടതായി വന്നു. ഗൃഹപാഠം ചെയ്യാത്തതിന് ശിക്ഷിച്ചുവെന്നാണ് അധ്യാപിക തൃപ്ത ത്യാഗി പറയുന്നത്. മറ്റ് കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ചത് ശിക്ഷയല്ല, മറ്റേതോ വൈകൃതമാണ്. മതത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടത് ഞെട്ടിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കാണ് വോട്ടുചെയ്തത്. എന്നാൽ, ബിജെപിയുടെ വർഗീയരാഷ്ട്രീയം അപകടകരമെന്ന് ഇപ്പോൾ അനുഭവിച്ചറിയുന്നു.
സംഭവശേഷം അധ്യാപികയെ കാണാൻ ശ്രമിച്ചിട്ടും അവർ കൂട്ടാക്കിയില്ല. സ്കൂളിൽ ചില പണികൾക്കായി ചെന്ന ബന്ധുവാണ് കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത്. അവൻ വീഡിയോ എടുത്തതിനാൽ പുറംലോകമറിഞ്ഞു. അടിച്ച കുട്ടികളും മാതാപിതാക്കളുംവന്ന് തെറ്റ് ഏറ്റ് പറയുകയും സ്നേഹം പങ്കിടുകയും ചെയ്തു. പൊലീസ് നടപടികളിൽ വിശ്വാസമില്ല. മകന്റെ ഭാവിയെക്കുറിച്ച് മാത്രമാണ് ആകുലത. സിപിഐ എമ്മിന്റെ സഹായം വലിയ ആശ്വാസമാണ്–- മാതാപിതാക്കൾ പറഞ്ഞു.
ദേശീയ
മനുഷ്യാവകാശ
കമീഷൻ
കേസെടുത്തു
ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഉത്തർപ്രദേശ് സർക്കാർ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണം. അധ്യാപികയ്ക്കെതിരെ എടുത്ത നടപടിയും കേസിന്റെ പുരോഗതിയും കമീഷനെ അറിയിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ, സമാനസംഭവം ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിലും മറുപടി വേണമെന്നും കമീഷൻ നിർദേശിച്ചു.