ന്യൂഡൽഹി > മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ആദ്യമായി ചേർന്ന നിയമസഭ സമ്മേളിച്ചത് 11 മിനിറ്റ്. 60 അംഗ നിയമസഭയിൽ കുക്കി വിഭാഗത്തിലെ 10 എംഎൽഎമാരിൽ ആരും എത്തിയില്ല. കലാപത്തെക്കുറിച്ച് ചർച്ചയും ഉണ്ടായില്ല. രണ്ട് സമ്മേളനങ്ങൾക്കിടയിൽ ആറ് മാസത്തിൽ കൂടുതൽ ഇടവേള പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ പാലിക്കാനാണ് പേരിന് സഭ സമ്മേളിച്ചത്. ചർച്ചകൾവഴിയും ഭരണഘടനപരമായും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയംവഴി ആവശ്യപ്പെട്ടു.
അന്തരിച്ച അഞ്ച് മുൻ എംഎൽഎമാർക്ക് അനുശോചനം അർപ്പിക്കൽ, കാര്യോപദേശക സമിതി റിപ്പോർട്ട് അവതരണം എന്നിവയാണ് അജൻഡയായി ഉൾപ്പെടുത്തിയത്. സഭ ചേർന്നയുടൻ, കോൺഗ്രസ് നിയമസഭാകക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ് പ്രതിഷേധവുമായി എഴുന്നേറ്റു.15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ ലംഘിച്ചാണ് സമ്മേളനം വിളിച്ചതെന്നും ജനാധിപത്യത്തെ പരിഹാസ്യമാക്കുകയാണെന്നും ഇബോബി സിങ് പറഞ്ഞു. പ്രതിപക്ഷഅംഗങ്ങൾ മുദ്രാവാക്യം വിളിക്കവെ മുഖ്യമന്ത്രി ബീരേൻസിങ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഒമ്പത് മിനിറ്റിനുശേഷം സഭപിരിഞ്ഞ് വീണ്ടും ചേർന്നപ്പോഴും നടപടികൾ സാധ്യമായില്ല. പ്രമേയം പാസാക്കുന്നതായി പ്രഖ്യാപിച്ച് രണ്ട് മിനിറ്റിനുള്ളിൽ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനാധിപത്യവിരുദ്ധമായാണ് സമ്മേളനം ചേർന്നതെന്ന് ബിജെപി ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർടി (എൻപിപി) അംഗങ്ങള് പറഞ്ഞു.
2 പേർ കൂടി കൊല്ലപ്പെട്ടു
മണിപ്പുരിൽ ചുരാചന്ദ്പുർ, ബിഷ്ണുപുർ ജില്ലകളുടെ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാൾ കുക്കി വിഭാഗക്കാരനാണ്. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ചുരാചന്ദ്പുർ കുക്കി മേഖലയും ബിഷ്ണുപുർ മെയ്ത്തീ ഭൂരിപക്ഷ ജില്ലയുമാണ്. മെയ് മൂന്നിന് കലാപം തുടങ്ങിയശേഷം ഇരുന്നൂറോളംപേർ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങൾ അഭയാർഥികളായി തുടരുകയാണ്.