ശ്രീകൃഷ്ണപുരം
ദേശീയ ഫോക്ക് ഫെസ്റ്റിവൽ സെപ്തംബർ 10, 11, 12 തീയതികളിൽ വെള്ളിനേഴി കലാഗ്രാമം മന്ദിരത്തിലും ഹൈസ്കൂൾ മൈതാനത്തുമായി അരങ്ങേറും. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഛത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങളിലെ നൂറോളം കലാകാരന്മാർ കലാവതരണം നടത്തും.
ദിവസവും വൈകിട്ട് 7, 7.40, രാത്രി 8.20 എന്നീ സമയങ്ങളിൽ മൂന്ന് വീതം കലാരൂപങ്ങൾ അരങ്ങിലെത്തും. 10ന് ഗൂമർ (രാജസ്ഥാൻ ), റൗട്ട് നാച്ചാ (ഛത്തീസ്ഗഢ്), സമയ് (ഗോവ ), 11 ന് ഡാൻഡിയ രാസ് (ഗുജറാത്ത് ), ദൽഖായി (ഒഡീഷ ), കൽബെലിയ (രാജസ്ഥാൻ ), 12ന് ബധായി (മധ്യപ്രദേശ്), ഹുഡോ (ഗുജറാത്ത് ), ചക്രി (രാജസ്ഥാൻ ) എന്നീ കലാരൂപങ്ങളാണ് അരങ്ങിലെത്തുക.
10 ന് വൈകിട്ട് അഞ്ചിന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം വി നാരായണൻ ദേശീയ ഫോക്ക് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനാകും.
12ന് വൈകിട്ട് 5.30ന് സമാപന സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമിയും തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും പ്രാദേശിക സംഘാടക സമിതിയും സംയുക്തമായാണ് പരിപാടി നടത്തുന്നത്.