തിരുവനന്തപുരം
ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിന്റെ വ്യക്തമായ ചിത്രം പകർത്തി റോവർ. സോഫ്റ്റ് ലാൻഡിങ് സമ്പൂർണ വിജയമായിരുന്നെന്ന് ഉറപ്പിക്കുന്നതാണ് ചിത്രം. റോവറിലെ നാവിഗേഷൻ കാമറ ബുധൻ രാവിലെ 7.30ന് പകർത്തിയ ചിത്രം ഐഎസ്ആർഒ ‘ഇമേജ് ഓഫ് ദ മിഷൻ’ എന്ന പേരിൽ പുറത്തുവിട്ടു. ദക്ഷിണ ധ്രുവത്തിൽ ഏറെ നിരപ്പായ സ്ഥലത്ത് അപകടരഹിതമായി തന്നെയാണ് പേടകം ഇറങ്ങിയിരിക്കുന്നത്. സമീപത്തൊന്നും ഗർത്തങ്ങളോ പാറയോ കാണാനില്ല. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 300 മീറ്റർ അകലേക്ക് മാറി അവസാന നിമിഷം. പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുകയായിരുന്നു.
ലാൻഡറിലെ ചാന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പെരിമെന്റ് എന്ന പരീക്ഷണ ഉപകരണവും ചിത്രത്തിൽ വ്യക്തമായി കാണാം. ലാൻഡറിന്റെ നാല് കാലുകൾ, റോവർ ഇറങ്ങിയ റാമ്പ് തുടങ്ങിയവയും ചിത്രത്തിൽ കാണാനാവും.
ചന്ദ്രനിൽ സൾഫർ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം റോവറിലെ ലേസർ സ്പെക്ട്രോസ്കോപ്പ് കണ്ടെത്തി. അലുമിനിയം, കാൽ-സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കൺ, ഓക്സിജൻ തുടങ്ങിയവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ലാൻഡറിൽനിന്നു പുറത്തിറങ്ങി റോവർ മീറ്ററുകളോളം ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു.















