തൃശൂർ > കണിമംഗലം റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിഎസ്എൻഎൽ ജീവനക്കാരൻ പ്രീജുവിന്റെ മകൻ വിഷ്ണു (കരുണാമയൻ -25) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തപ്പെട്ട് ആറ് മാസം ജില്ലക്ക് പുറത്തായിരുന്നു. അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
ബുധനാഴ്ച വൈകീട്ട് നാലരക്കാണ് കുത്തേറ്റനിലയിൽ യുവാവിനെ നാട്ടുകാർ കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്താൽ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കണിമംഗലത്തെ സുഹൃത്തുക്കളുമായുണ്ടായ വാക്ക് തർക്കത്തിനിടെ കുത്തേറ്റതെന്ന് പറയുന്നു. നെടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അമ്മ: സുബിത. സഹോദരങ്ങൾ: ശിവകുമാർ, ചന്ദന.















