ചേർത്തല > ആലപ്പുഴയിലെ ചിത്രാഞ്ജലി തിയറ്ററിൽ ദമ്പതികളെ ആക്രമിച്ച മൂന്നുപേർ പിടിയിൽ. അക്രമികളെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച നാലുപേരും അറസ്റ്റിലായി. 28ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. ദമ്പതികളെ ആക്രമിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാർഡിൽ വാരണം കാട്ടിപ്പറമ്പിൽ റെനീഷ് (കണ്ണൻ–-31), നാലാംവാർഡിൽ എസ്എൽ പുരം കൈതവിളപ്പിൽ മിഥുൻരാജ് (മഹേഷ്–-31), നാലാംവാർഡിൽ വാരണം കൽപ്പകശേരി വിജിൽ വി നായർ (32) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിനെ ആക്രമിച്ച കേസിൽ മുഹമ്മ കുശാപറമ്പ് ബിനോയ് (40), മുഹമ്മ പഞ്ചായത്ത് 14–-ാംവാർഡിൽ കരുവേലി ശരത്ചന്ദ്രൻ (20), 12–-ാംവാർഡ് കളരിപ്പറമ്പിൽ സച്ചിൻ (കണ്ടപ്പൻ –-29), 14–-ാംവാർഡിൽ പൂപ്പള്ളി അനൂപ് (പാപ്പൻ–-28) എന്നിവരും പിടിയിലായി.
ദമ്പതികളെ ആക്രമിക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് അക്രമികളിലൊരാളെ തിയറ്ററിനുള്ളിൽ തെരയുന്നതിനിടെയാണ് നാലുപേർ ചേർന്ന് എസ്ഐ വി ജെ ആന്റണിയെ ഉൾപ്പെടെ കൈയേറ്റം ചെയ്തു. ഇവരെ മൽപ്പിടിത്തത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി. സിനിമകാണാൻ എത്തിയ ദമ്പതികളിൽ ഭാര്യയോട് പ്രതികൾ മോശമായി സംസാരിച്ചത് ചോദ്യംചെയ്ത ഭർത്താവിനെ മൂന്നംഗസംഘം ആക്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുതന്നെ രണ്ടുപേരെ പൊലീസ് പിടികൂടി. രക്ഷപ്പെട്ട മൂന്നാമനെ 29നാണ് പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ്ചെയ്തു.















