ജിദ്ദ> സൗദി അറേബ്യയിലെ ജിസാനിൽ മീൻ പിടിത്തത്തിനിടെ മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് മലയാളിക്കൂട്ടായ്മ. മലയാളി സാംസ്ക്കാരിക സംഘടനയായ ജലയുടെ പ്രതിനിധികളും നോർക്കയും ലോക കേരള സഭയുമാണ് മൃതദേഹം നാട്ടിലെത്തിക്കാനായി ഒറ്റക്കെട്ടായി പരിശ്രമിച്ചത്.
പത്ത് വർഷത്തിലേറെയായി ജിസാനിൽ ജിസാനിൽ മത്സ്വബന്ധന ജോലിചെയ്യുന്ന കന്യാകുമാരി മണക്കുടി സ്വദേശി അരുൾ ജയശീലൻ ആഗസ്റ്റ് 10 നാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ജിസാനിലെ മലയാളിക്കൂട്ടായ്മയായ “ജല” ജനറൽ സെക്രട്ടറി സതീഷ്കുമാർ നീലാംബരി, രക്ഷാധികളായ സലാം കൂട്ടായി , സണ്ണി ഓതറ വൈസ് പ്രസിഡൻറ് Dr. രമേശ് മൂച്ചിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിച്ചു. അവിടെ നിന്നും കന്യാകുമാരിയിലെ വീട്ടിൽ മൃതദേഹം സൗജന്യമായി എത്തിക്കാൻ നോർക്കയെ ബന്ധപ്പെട്ടു.
കേരളത്തിൽ പ്രവാസികളുടെ മൃതദേഹം നോർക്ക സൗജന്യമായി എത്തിക്കാറുണ്ട്. കേരള അതിർത്തി വരെ ഫ്രീസർവ്വീസ് നൽകാം എന്ന് നോർക്ക അറിയിച്ചു. തുടർന്ന് ലോകകേരള സഭ അംഗം ജയലക്ഷ്മി, പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, പ്രവാസി സംഘം കണ്ടറ ഏരിയ സെക്രട്ടറി മനോജ് എന്നിവർ നോർക്കയുമായി ബന്ധപ്പെട്ട് സാഹചര്യം ബോധ്യപ്പെടുത്തി, തുടർന്ന് മൃതദേഹം കന്യാകുമാരി വരെ എത്തിക്കാൻ നോർക്ക തയ്യാറാവുകയായിരുന്നു.