ഭോപാൽ
മധ്യപ്രദേശിലെ സാഗറിൽ ദളിത് യുവാവിനെ വീട്ടിൽ ഇരച്ചുകയറി ഒരു സംഘം ആളുകൾ അടിച്ചുകൊന്നു. അക്രമികളിൽനിന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി അപമാനിച്ചു. സഹോദരിയും ക്രൂര മർദനത്തിനിരയായി. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ മകൾ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ 2019ൽ നൽകിയ കേസ് പിൻവലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. പരാതി പിൻവലിക്കാൻ പ്രതികളും കൂട്ടാളികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് കൂട്ടാക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വീടും വീട്ടുപകരണങ്ങളും അക്രമികൾ അടിച്ചുതകർത്തു. അതേസമയം, കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ അക്രമികൾ വിവസ്ത്രയാക്കിയെന്നത് പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. അക്രമികൾ കൂട്ടമായി മർദിച്ചശേഷം വസ്ത്രങ്ങൾ വലിച്ചുകീറി. പൊലീസ് എത്തിയാണ് തനിക്ക് ഒരു തോർത്ത് നൽകിയത്. സമയമേറെ കഴിഞ്ഞ് ഒരു സാരി കിട്ടുംവരെ തോർത്ത് മാത്രമുടുത്ത് നിൽക്കേണ്ടിവന്നെന്നും യുവാവിന്റെ അമ്മ പറഞ്ഞു.
യുവാവിന്റെ സഹോദരങ്ങളെ തേടി ബന്ധുവീടുകളും അക്രമിസംഘം അടിച്ചുതകർത്തു. അക്രമികൾ തന്റെ ഭർത്താവിനെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവാവിന്റെ അമ്മായി പറഞ്ഞു. ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവത്തിൽ ഒമ്പത് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്ക പറഞ്ഞു. എട്ട് പേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ദളിത്, ഗോത്രവർഗ പീഡനങ്ങൾ നിർബാധം തുടരുകയാണെന്നും ദളിതർക്കെതിരായ ആക്രമണങ്ങളുടെ പണിപ്പുരയായി അവിടം മാറിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.















