സ്വന്തം ലേഖകൻന്യൂഡൽഹി
സംഘപരിവാറിന്റെ വർഗീയരാഷ്ട്രീയത്തിനെതിരായി ദേശീയതലത്തിൽ രൂപപ്പെട്ട പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ മുംബൈയിൽ നടക്കുന്ന മൂന്നാംയോഗം സീറ്റുധാരണ സംബന്ധിച്ച് ചർച്ച ചെയ്യും. കൂട്ടായ്മയുടെ ഭാവി തന്ത്രങ്ങൾക്ക് യോഗം രൂപം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കൂടുതൽ രാഷ്ട്രീയപാർടികൾ കൂട്ടായ്മയുടെ ഭാഗമാകും. സീറ്റുധാരണ സംബന്ധിച്ചുള്ള ചർച്ചകളും നടത്തും. അതോടൊപ്പം മറ്റുചില അജൻഡകളുമുണ്ട്–- നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുംബൈ യോഗത്തിൽ കൺവീനറായി തെരഞ്ഞെടുക്കപ്പെടുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തിപരമായ ലക്ഷ്യങ്ങൾ തനിക്കില്ലെന്ന് നിതീഷ് പറഞ്ഞു. തുടക്കംമുതൽ താനിത് വ്യക്തമാക്കിയിട്ടുണ്ട്. കൺവീനർസ്ഥാനം മറ്റാർക്കെങ്കിലും കൊടുക്കാവുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്കെതിരെ പരമാവധി പാർടികളെ യോജിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിൽ നടക്കുന്ന യോഗത്തിൽ ‘ഇന്ത്യ’ കൂട്ടായ്മയുടെ ലോഗോ പുറത്തിറക്കുമെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്ത് പറഞ്ഞു. 140 കോടി ഇന്ത്യക്കാരിലേക്ക് എത്താനാണ് കൂട്ടായ്മ ശ്രമിക്കുന്നത്. ഇന്ത്യയെയും അതിന്റെ ഐക്യത്തെയും രാജ്യത്തെയാകെ യോജിപ്പിച്ച് നിർത്തുന്നതിന് ആവശ്യമായ ഊർജത്തെയും പ്രതിഫലിക്കുന്നതാകും ലോഗോയെന്നും റൗത്ത് പറഞ്ഞു. ‘ഇന്ത്യ’ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 11 അംഗ ഏകോപനസമിതിക്ക് രൂപം നൽകും. കൂട്ടായ്മയുടെ ഭാവിപ്രവർത്തനങ്ങൾ നിയന്ത്രിക്കുക ഏകോപനസമിതിയാകും. ഇതോടൊപ്പം പ്രചാരണം, സംഘാടനം തുടങ്ങി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങൾക്കായി അഞ്ച് ഉപസമിതിക്കും രൂപം നൽകും. ആഗസ്ത് 31ന് മുംബൈ ഗ്രാൻഡ് ഹയാട്ട് ഹോട്ടലിൽ നേതാക്കളുടെ അത്താഴവിരുന്നോടെയാണ് രണ്ടുദിവസത്തെ യോഗത്തിന് തുടക്കമാകുക. സെപ്തംബർ ഒന്നിന് നേതാക്കൾ നാലു മണിക്കൂർ യോഗം ചേരും. തുടർന്ന് സംയുക്ത പ്രസ്താവനയുണ്ടാകും. വിവിധ പാർടികളിൽനിന്നായി എൺപതോളം നേതാക്കൾ മുംബൈയിൽ എത്തും.