മുംബൈ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കൾ ഇഷ, ആകാശ്, അനന്ത് എന്നിവരെ നിയമിച്ചു. ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കുന്നതോടെ ഡയറക്ടർ ബോർഡിന്റെ തീരുമാനം പ്രാബല്യത്തിൽ വരും. നിത അംബാനി ഡയറക്ടർ ബോർഡിൽനിന്ന് പടിയിറങ്ങുമെന്നും യോഗത്തിൽ തീരുമാനമായി. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ എന്ന നിലയിൽ സ്ഥിരംക്ഷണിതാവായി ആർഐഎൽ ബോർഡ് യോഗങ്ങളിൽ നിത തുടരും.
നിത അംബാനിക്ക് പകരം മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർ ഡയറക്ടർമാരാകുന്നതോടെ റിലയൻസ് നേതൃത്വത്തിൽ തലമുറമാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിലയൻസിന്റെ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജം, മെറ്റീരിയൽ ബിസിനസുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ മൂന്നുപേരും മുഖ്യപങ്ക് വഹിച്ചുവരികയാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. റിലയൻസിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങളുടെ ബോർഡുകളിലും മൂവരും സേവനമനുഷ്ഠിക്കുന്നുണ്ട്.















