ന്യൂഡൽഹി> ഗീത ഗോവിന്ദത്തിലെ 24 ഗീതങ്ങളും ആദ്യമായി കഥക് രൂപത്തിൽ അവതരിപ്പിച്ച് ഓൺലൈൻ വിതരണത്തിന് പുറത്തിറക്കി. ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ നീതി ആയോഗ് മുൻ സിഇഒയും, ജി 20 ഷെർപ്പയുമായ അമിതാഭ് കാന്ത് ആണ് നൃത്താവിഷ്കാരം പുറത്തിറക്കിയത്. പ്രിൻസിപ്പൽ ഇൻകം ടാക്സ് കമീഷണർ സുരഭി അലുവാലിയ അധ്യക്ഷയായി. പ്രൊഫ. മാണ്ഡവി സിങ് മുഖ്യ പ്രഭാഷണം നടത്തി.
ജയദേവൻ ഒഡിഷയിൽ എഴുതിയ കൃതി സൂറിച്ചിൽ താമസിക്കുന്ന ലക്നൗ സ്വദേശിയായ നർത്തകി പാലി ചന്ദ്രയാണ് നൃത്തരൂപത്തിലാക്കിയത്. ഇന്ത്യക്കാരായ, ഇപ്പോൾ ലോകത്തെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന 22 നൃത്ത വിദ്യാർഥിനികൾ ഈ പരിപാടിയിൽ പങ്കാളികളാണ്. തിരുവനന്തപുരത്ത് കൃത്രിമമായി സൃഷ്ടിച്ച മിയാവാക്കി മാതൃകാ വനത്തിനുള്ളിൽ ഇൻവിസ് മൾട്ടിമീഡിയ ഇത് ചിത്രീകരിച്ചു. നാട്യ സൂത്ര, ഇൻവിസ് മൾട്ടി മീഡിയ , ദുബൈ ഗുരുകുലം, കൾച്ചർ ഷോപ്പി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് നൃത്തശിൽപം ഓൺലൈൻ ആയി എത്തിച്ചത്.