ന്യൂഡൽഹി> ചാന്ദ്രയാൻ-3 വിജയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാഞ്ചി ഹെവി എൻജിനിയറിങ് കോർപറേഷനിലെ (എച്ച്ഇസി) എൻജിനിയർമാർക്കും ജീവനക്കാർക്കും 17 മാസത്തെ ശമ്പളകുടിശിക ഉടൻ നൽകണമെന്ന് കേന്ദ ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ഫെഡറേഷനുകളുടെയും പൊതുവേദി ആവശ്യപ്പെട്ടു.
ഐഎസ്ആർഒ എൻജിനിയർമാരുടെയും ശാസ്ത്രജ്ഞരുടെയും തടഞ്ഞുവച്ചിരിക്കുന്ന സ്ഥാനക്കയറ്റങ്ങൾ ഉടൻ നൽകണം. ചാന്ദ്രയാൻ ദൗത്യം പൂർണമായും പൊതുമേഖലയുടെ സംഭാവനയാണ്. പൊതുമേഖലയാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും തയ്യാറാകുമോ–-പൊതുവേദി സംയുക്ത പ്രസ്താവനയിൽ ആരാഞ്ഞു.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എൽപിഎഫ്, എഐസിസിടിയു, യുടിയുസി, ടിയുസിസി, എഐയുടിയുസി, സേവ എന്നിവയും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും ചേർന്നാണ് പ്രസ്താവന ഇറക്കിയത്. എച്ച്ഇസിയിലെ ആയിരക്കണക്കിന് ജീവനക്കാർക്ക് 17 മാസമായി ശമ്പളമില്ല. ചാന്ദ്രയാൻ–3 യാഥാർഥ്യമാക്കിയ പ്രധാന ഉപകരണങ്ങൾ നിർമിച്ചത് എച്ച്ഇസിയാണ്. മോദിസർക്കാർ ശ്വാസം മുട്ടിക്കുന്ന ബിഎസ്എൻഎല്ലാണ് ചാന്ദ്രയാന്റെ വാർത്താവിനിമയ സംവിധാനം കൈകാര്യം ചെയ്യുന്നത്. അതിവേഗം ലാഭം മോഹിക്കുന്ന സ്വകാര്യവ്യവസായികൾ നിക്ഷേപം നടത്താൻ തയ്യാറാകാത്ത മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളാണ് ചാന്ദ്രയാൻ വിജയം സാധ്യമാക്കിയത്- പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.