ന്യൂഡൽഹി> ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിചിത്ര ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ്. ചാന്ദ്രയാൻ 3 പേടകം ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. മറ്റ് മതങ്ങൾക്കും രാഷ്ട്രങ്ങൾക്കുംമുമ്പ് ചന്ദ്രന്റെ ഉടമസ്ഥാവകാശം ഇന്ത്യ കൈക്കലാക്കണം. ഒരു തീവ്രവാദിയും ചന്ദ്രനിൽ എത്താതിരിക്കാൻ ഇന്ത്യൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന് സമൂഹമാധ്യമത്തിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ചക്രപാണി മഹാരാജ് പറഞ്ഞു.
യുക്തിക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങൾ ഇതിനുമുമ്പും നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ചക്രപാണി മഹാരാജ്. കൊറോണ വ്യാപനത്തിൽനിന്ന് രക്ഷനേടാൻ 2020ൽ ഹിന്ദു മഹാസഭ ഡൽഹിയിൽ ഗോമൂത്ര പാർടി സംഘടിപ്പിച്ചപ്പോൾ അതിന് നേതൃത്വം നൽകിയത് ചക്രപാണി മഹാരാജാണ്. മൃഗങ്ങളെ കൊന്നുതിന്നുന്ന ആളുകൾ കാരണമാണ് കൊറോണ വൈറസ് പരന്നതെന്നും ഇയാൾ അഭിപ്രായപ്പെട്ടിരുന്നു. 2018ൽ കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ, ബീഫ് കഴിക്കുന്ന കേരളീയർക്ക് ഒരു സഹായവും ലഭിക്കരുതെന്ന് ഇയാൾ പറഞ്ഞത് ഏറെ വിവാദമായിരുന്നു.