കുവെെറ്റിൽ താമസ നിയമലംഘകരെ നാടുകടത്താൻ വൻ പദ്ധതി; രണ്ട് സ്കൂളുകൾ നാടുകടത്തൽ കേന്ദ്രമാക്കും
കുവൈത്ത് സിറ്റി> താമസ നിയമ ലംഘകർക്ക് അഭയം നൽകുകയോ ഇവരെ സംബന്ധിച്ച വിവരങ്ങൾ മറച്ചു വെക്കുകയോ ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാതാമസ നിയമലംഘകരെയും നാടുകടത്താനുള്ള സമഗ്രമായ നാടുകടത്തൽ പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം തുടക്കമിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. നിയമലംഘകർക്ക് അഭയം നൽകുകയോ മറച്ചുവെക്കുകയോ ചെയ്യുന്ന സ്വാദേശി പൗരന്മാർക്കും കമ്പനികൾക്കും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളുടെ തടങ്കൽ കേന്ദ്രങ്ങളായി ജലീബ് അൽ-ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത നിലയിലുള്ള രണ്ട് സ്കൂളുകൾ ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. നിലവിൽ രാജ്യ വ്യാപകമായി നടത്തി വരുന്ന ശക്തമായ സുരക്ഷാ പരിശോധനയെ തുടർന്ന് നാട് കടത്തൽ കേന്ദ്രങ്ങളും ലോക്കപ്പുകളും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇതിനു പുറമെ വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കുവാനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്
ആഭ്യന്തര മന്ത്രാലയത്തിനുള്ളിലെ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന നിയമലംഘനം നടത്തുന്ന വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് താമസ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുമാണ് പദ്ധതി. നിയമലംഘകരെ പിടികൂടി കുവൈത്തിൽ നിന്ന് നാടുകടത്തുന്നതിനായി ജലീബ് അൽ-ഷുയൂഖ്, ഖൈതാൻ, ഫർവാനിയ, മഹ്ബൂല, അംഘറ, അൽ-മസ്റ, അൽ-ജവാഖിർ തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രാലയം സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കും. നിലവിൽ രാജ്യത്ത് ഏകദേശം ഒന്നര ലക്ഷത്തോളം പേരാണ് നിയമ ലംഘകരായി കഴിയുന്നത്. അവർക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.ഇതെ തുടർന്നാണ് പ്രവാസികൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധന കർശനമാക്കുന്നത്.