തിരുവനന്തപുരം
കോൺഗ്രസ് പ്രവർത്തക സമിതി അംഗമായശേഷം തിരുവനന്തപുരത്തെത്തുന്ന ശശി തരൂരിനെ ‘സ്വീകരിക്കാൻ’ നിർബന്ധിതരായി ഡിസിസി നേതൃത്വം. ഒന്നിന് തിരുവനന്തപുരത്ത് തണുത്ത സ്വീകരണം മതിയെന്ന പാർടി തീരുമാനത്തെ വെല്ലുവിളിച്ച് തരൂർ പക്ഷം വൻ സ്വീകരണം ആലോചിച്ചതോടെയാണ് ഡിസിസി വഴങ്ങിയത്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും ഡിസിസിക്കും അനഭിമതനായ തരൂരിന്റെ സ്ഥാനലബ്ധിയിൽ അഭിനന്ദനം അറിയിക്കാൻപോലും മടിച്ചവർക്ക് മറുപടിയായാണ് തരൂർ പക്ഷം വൻ പരിപാടി ആസൂത്രണം ചെയ്തത്. വിമാനത്താവളത്തിൽ വൻ ജനാവലിയെ സംഘടിപ്പിച്ച് നേതൃത്വത്തിന് മറുപടി പറയാനായിരുന്നു നീക്കം. ഇക്കാര്യം വാർത്തയായതോടെയാണ് നേതൃത്വം അപകടം മണത്തത്. തങ്ങൾ വിട്ടുനിൽക്കുകയും വിമതപക്ഷം വൻ സ്വീകരണം നൽകുകയും ചെയ്താൽ വലിയ ചർച്ചയാകുമെന്നും അത് ആത്യന്തികമായി ക്ഷീണം ചെയ്യുക തങ്ങൾക്കാകുമെന്നും തിരിച്ചറിഞ്ഞാണ് നടപടി.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തിൽ തരൂരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് സതീശൻ പക്ഷക്കാരനായ ഡിസിസി പ്രസിഡന്റ്. കഴിഞ്ഞ ഏപ്രിലിൽ ശശി തരൂരിന്റെ സ്റ്റാഫിന് മർദനമേൽക്കേണ്ടി വന്ന അതേ ഓഫീസിലേക്കാണ് ഇപ്പോൾ തരൂർ എത്തുന്നത്. നിയോജക മണ്ഡലം യോഗത്തിൽ ശശി തരൂരിന് ഒപ്പമെത്തിയവരെ പങ്കെടുപ്പിക്കാനാകില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി നിലപാട് സ്വീകരിച്ചതായിരുന്നു അന്ന് സംഘർഷത്തിന് വഴിയൊരുക്കിയത്.
പലയിടങ്ങളിലും തരൂരിന് വൻ സ്വീകരണം നൽകിയപ്പോൾ അന്ന് സ്വന്തം തട്ടകത്തിൽ തിരിച്ചടിയേൽക്കേണ്ടി വന്നത് അദ്ദേഹത്തിനും ക്ഷീണമായിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തിൽ തരൂരിന് പല ജില്ലകളിലും പരിപാടികൾക്ക് വിലക്കേർപ്പെടുത്തുന്ന നിലപാടാണ് കെപിസിസി അച്ചടക്ക സമിതിയടക്കം സ്വീകരിച്ചത്. കെപിസിസി നേതൃത്വത്തിന്റെ നിലപാടിനെ വെല്ലുവിളിച്ച് ‘വിമത’നായിരുന്ന തരൂർ ഇപ്പോൾ കൂടുതൽ ശക്തനായിരിക്കുന്നുവെന്ന് ഔദ്യോഗിക നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തഴയാനാണ് ഭാവമെങ്കിൽ തിരിച്ചടിക്കുമെന്ന നിലപാടിലാണ് തരൂർ. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് ഇപ്പോൾ അദ്ദേഹത്തെ ‘സ്വീകരിക്കാൻ’ പലരും തയ്യാറായിരിക്കുന്നതെന്നാണ് തരൂർ ക്യാമ്പ് അവകാശപ്പെടുന്നത്.