പുതുപ്പള്ളി
പുതുപ്പള്ളി ഇരവിനല്ലൂരിലെ റേഷൻകടയിൽ ഓണക്കിറ്റ് റെഡിയാണ്. തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചാൽ സെയിൽസ്മാൻ തോമസേട്ടൻ ആ നിമിഷം ഓണക്കിറ്റെടുത്ത് കൈയിൽ കൊടുക്കും. കിറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് വന്നതാണ്. 53 പേർക്കാണ് അർഹത. പലരും വന്നു ചോദിച്ചു. അനുവാദമില്ലാതെ കൊടുക്കാൻ പറ്റില്ലല്ലോ? തോമസ് പറയുന്നു. കടയിൽ വരുന്നവരുടെ സങ്കടം കാണാതിരിക്കാൻ മേശക്കടിയിൽ കിറ്റ് അടുക്കിവച്ച് ചാക്കുകൊണ്ട് മൂടിയിട്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീടുൾപ്പെട്ട 16ാം വാർഡിലാണ് ജില്ലയിലെ പഴയ റേഷൻ കടകളിൽ ഒന്നായ ഇതും. കൊച്ചക്കാലക്കുന്നേൽ മറിയാമ്മ ഏബ്രഹാമാണ് ലൈസൻസി. തടിമിൽ ജീവനക്കാരനായിരുന്ന തോമസുചേട്ടന് ജോലിക്കിടെ സംഭവിച്ച അപകടത്തിൽ ഒരുകൈയുടെ പാതി നഷ്ടപ്പെട്ടു. അങ്ങനെയാണ് റേക്ഷൻകടയിലെ ജീവനക്കാരനായത്. എന്നാലും ചെറിയ കടമുറിയിൽ സർവസാധനങ്ങളും ചാക്കുകെട്ടും ഇനംതിരിച്ച് ചിട്ടയോടെ അടുക്കിവച്ചിട്ടുണ്ട്. പാമ്പാടി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ആലാംപള്ളി ജോർജുകുട്ടിയുടെ റേഷൻകടയിൽ ഓണക്കിറ്റ് വെള്ളിയാഴ്ച എത്തി. കിറ്റിന് അർഹരായ 41 മഞ്ഞക്കാർഡുകാർ ഇവിടുണ്ട്. 582 കാർഡ് ഉടമകളിൽ ഓണം സ്പെഷ്യൽ അടക്കം 90 ശതമാനവും ആളുകൾ വാങ്ങിക്കഴിഞ്ഞെന്ന് ജോർജുകുട്ടി പറഞ്ഞു.