കോഴിക്കോട്
മഴക്കുറവ് തുടരുന്നതിനാൽ 2023 വരണ്ട വർഷമായിരിക്കുമെന്ന് റിപ്പോർട്ട്. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.2022 മൺസൂൺ മുതൽ മഴക്കുറവ് തുടരുന്നത് ഭൂഗർഭ ജലവിതാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഒക്ടോബർ –- ഡിസംബറിൽ മഴ ലഭിച്ചില്ലെങ്കിൽ 2023 വരണ്ട വർഷമാകും. വരുംമാസങ്ങളിലും കേരളത്തിൽ മഴ കുറയും. ഒക്ടോബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിലും ഒക്ടോബർ–-ഡിസംബറിലെ വടക്കുകിഴക്കൻ മൺസൂണിലും കാര്യമായ മഴ ലഭിക്കില്ല. നിലവിൽ 44 ശതമാനമാണ് മഴക്കുറവ്. വടക്കുകിഴക്കൻ മൺസൂണിൽ സാധാരണ മഴ ലഭിച്ചാലും തെക്കുപടിഞ്ഞാറൻ മൺസൂണിലെ മഴക്കുറവുമൂലം വരൾച്ചയുണ്ടാകും. ഉയർന്ന പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളക്കുറവ് അനുഭവപ്പെടും. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ഭൂഗർഭ ജലശേഖരണ തോത് കുറയും.
ഇരുമ്പ് കൂടും;
ഓക്സിജൻ കുറയും
വരൾച്ചയിൽ ഭൂഗർഭ ജലത്തിന്റെ ഒഴുക്ക് കുറയുന്നതിനാൽ ഇരുമ്പ്, മാംഗനീസ് എന്നിവ കൂടും. സൂര്യപ്രകാശനത്തിന്റെ സാന്നിധ്യത്തിൽ തുറന്ന കിണറിൽ അയേൺ റെഡ്യൂസിങ് ബാക്ടീരിയ രൂപപ്പെട്ട് പാടകെട്ടും. രുചിമാറ്റത്തിനൊപ്പം അളവ് കൂടിയാൽ ആരോഗ്യത്തിന് ഹാനികരവുമാകും. കഠിന വരൾച്ച കലക്ക് വെള്ളത്തിനിടയാക്കും. വെള്ളത്തിൽ ഉപ്പുരസം കൂടി കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കും. നൈട്രേറ്റ്, ഫോസ്ഫേറ്റ്, അമോണിയ എന്നിവ കൂടുന്നത് നദികളിൽ ആൽഗ വളർച്ച കൂട്ടും. ഇത് വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയ്ക്കുന്നത് മത്സ്യങ്ങളുടെ അതിജീവനത്തെയും ബാധിക്കുമെന്നും സിഡബ്ല്യുആർഡിഎം റിപ്പോർട്ട് വ്യക്തമാക്കുന്നു.