കൽപ്പറ്റ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും മനോരമയടക്കം യുഡിഎഫ് മാധ്യമങ്ങളും കരുവന്നൂർ ബാങ്കിലെ വായ്പാ ക്രമക്കേട് പൊടിതട്ടിയെടുത്ത് പരിഹാസ്യരാകുന്നത് പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് മറച്ചുവച്ച്. എട്ട് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പിന് അറസ്റ്റിലായ കെപിസിസി ജനറൽ സെക്രട്ടറി ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ട് ഒരുമാസം ആയതേയുള്ളൂ. വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ കെ അബ്രഹാമാണ് ഒന്നരമാസം ജയിലിൽ കിടന്നത്.
കോൺഗ്രസ് നേതാക്കളുടെ വായ്പാ തട്ടിപ്പിനിരയായ കർഷകൻ പുൽപ്പള്ളി കേളക്കവല രാജേന്ദ്രൻ നായർ ജീവനൊടുക്കിയിരുന്നു. വായ്പാ തട്ടിപ്പിൽ വിജിലൻസ് കേസിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. അബ്രഹാം ഉൾപ്പെടെ ഒമ്പത് കോൺഗ്രസ് നേതാക്കളാണ് പ്രതികൾ. വായ്പാ തട്ടിപ്പിലൂടെ കർഷകരെ വഞ്ചിച്ച കെപിസിസി ജനറൽ സെക്രട്ടറിക്ക് പൂർണ പിന്തുണനൽകിയ കോൺഗ്രസാണ് കരുവന്നൂർ ബാങ്ക് ക്രമക്കേട് പ്രചാരണായുധമാക്കുന്നത്.
എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലിന്റെ അടുത്ത അനുയായിയാണ് കെ കെ അബ്രഹാം. അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെയാണ് നിർധനരായ കർഷകരെ വഞ്ചിച്ച് എട്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. കർഷകർ ചെറിയ വായ്പകൾക്കായി ബാങ്കിൽ നൽകിയ ഭൂരേഖകൾ ഈടാക്കി അവരറിയാതെ ലക്ഷങ്ങൾ തട്ടുകയായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ട കർഷകരിലൊരാളാണ് ജീവനൊടുക്കിയത്. ഇതെല്ലാം പരമാവധി മറച്ചുവച്ച മാധ്യമങ്ങളാണ് പുതുപ്പള്ളിയിൽ യുഡിഎഫിന് ഊർജം പകരാൻ പാടുപെടുന്നത്. കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിൽ കർഷകന്റെ ജീവൻ പൊലിഞ്ഞിട്ടും വാ തുറക്കാതിരുന്ന യുഡിഎഫ് നേതാക്കളാണ് ഇപ്പോൾ പരിഹാസ്യരാകുന്നത്.