തിരുവനന്തപുരം
പൊതു വിപണിയിലെ പഴം പച്ചക്കറി വില പിടിച്ചുനിർത്തി കൃഷിവകുപ്പിന്റെ ഓണക്കാല കാർഷികചന്തകൾ. വെള്ളിയാഴ്ച ആരംഭിച്ച ചന്തകൾ തിങ്കൾ അവസാനിക്കും. കൃഷിഭവനുകളിലൂടെ 1076ഉം ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവ വഴി 924ഉം ഉൾപ്പെടെ 2000 ചന്തയാണ് ഇത്തവണ ഒരുക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ ക്യാമ്പയിന്റെ ഭാഗമായുള്ള കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനം. കർഷകരിൽനിന്ന് പച്ചക്കറികൾ പൊതു വിപണിയിലെ വിലയേക്കാൾ 10 ശതമാനം കൂടുതൽ നൽകിയാണ് സംഭരിച്ചത്. ഇത് വിപണിയിലെ വിൽപ്പന വിലയേക്കാൾ 30 ശതമാനം കുറച്ചാണ് വിൽപ്പന നടത്തിയത്. ഓരോ ദിവസത്തെയും വില കണക്കാക്കാൻ വിലനിർണയ കമ്മിറ്റികളും രൂപീകരിച്ചിരുന്നു.
ഗൾഫിലേക്ക് കയറ്റി അയച്ചത് 4500 ടൺ
ഗൾഫ് രാജ്യങ്ങളിലേക്ക് ഓണം ലക്ഷ്യമിട്ട് വിമാനത്താവളംവഴി കയറ്റി അയച്ചത് 4500 ടൺ പച്ചക്കറി. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളം വഴിയാണ് പഴം, പച്ചക്കറികൾ കയറ്റുമതി ചെയ്തത്. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളംവഴി പ്രതിമാസം 1100–- 1200 ടൺ വീതമാണ് ശരാശരി അയക്കുന്നത്. ഓണക്കാലത്ത് ഇത് വർധിച്ചെന്ന് സ്റ്റേറ്റ് ഇൻഡ്സ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്ഐഇ) വൃത്തങ്ങൾ പറഞ്ഞു. നെടുമ്പാശേരിവഴി ദിവസം ശരാശരി 120 ടൺ പച്ചക്കറി അയക്കുന്നുണ്ട്. 15 ദിവസംകൊണ്ട് 1700 ടൺ അയച്ചു. കരിപ്പുരിൽനിന്ന് 55–- 60 ടണ്ണും. പൂക്കളും രണ്ടു ടണ്ണിലധികം വാഴയിലയും ഗൾഫിലെത്തി.
2.59 ലക്ഷം കിറ്റ് നൽകി
മഞ്ഞ റേഷൻകാർഡുടമകൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും ഞായർ ഉച്ചയോടെ എത്തിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ മന്ത്രി അറിയിച്ചു. 2.59 ലക്ഷം കിറ്റ് വിതരണം ചെയ്തു. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകൾക്ക് പുറമെയാണിത്. കിറ്റ് വാങ്ങാനെത്തുന്ന മുഴുവൻ എഎവൈ കാർഡുടമകൾക്കും കിറ്റ് വിതരണം ഉറപ്പുവരുത്തുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഞായർ റേഷൻകടകൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഇടവേളകളില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേമസ്ഥാപനങ്ങൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൂർത്തിയാക്കി. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ കിറ്റുകൾ എത്തിച്ചുനൽകി. കിറ്റ് കൈപ്പറ്റാനുള്ള റേഷൻകാർഡുടമകൾ ഞായറാഴ്ച കിറ്റുകൾ കൈപ്പറ്റണം.
സപ്ലൈകോ ജില്ലാ ഓണം ഫെയറുകളിൽ വൻ ജനപങ്കാളിത്തമാണ് ഇത്തവണ ഉണ്ടായത്. എട്ട് ദിവസം കൊണ്ട് 5.17 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഇതിൽ 1.67 കോടി രൂപയുടെ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയും 3.50 കോടി രൂപയുടെ നോൺ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയുമാണ്. ഇത് സപ്ലൈകോ ഓണം ഫെയറുകളുടെ ചരിത്രത്തിലെ റെക്കോഡ് വിൽപ്പനയാണെന്നും മന്ത്രി പറഞ്ഞു.