തിരുവനന്തപുരം
സർക്കാർ നടപടികൾ കണ്ടില്ലെന്നു നടിച്ച് ഞായറാഴ്ചയും വാർത്താ ചാനലുകളിൽ ഓണക്കിറ്റ് വിരുദ്ധ വാർത്തകൾ. ഓണം ഗംഭീരമാക്കാൻ ഫലപ്രദമായി ഇടപെട്ട് ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിച്ച് സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് വ്യാജ വാർത്താനിർമിതി. ഓണക്കാലത്ത് ആർക്കും പെൻഷനും കിറ്റും കിട്ടില്ലെന്നും സപ്ലൈക്കോ പൂട്ടുമെന്നും വൻവിലക്കയറ്റമാകുമെന്നും മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ചിരുന്നു. എന്നാൽ, സർക്കാർനടപടികളിൽ നിരാശരായതോടെയാണ് നുണവാർത്താ നിർമ്മിതി. കിറ്റ് എങ്ങും എത്തിയില്ലെന്നും ഓണം കഴിഞ്ഞെങ്കിലും കിറ്റ് കിട്ടുമോ എന്നുമായിരുന്നു തലവാചകങ്ങൾ.
78 ലക്ഷം കിറ്റുകളാണ് തയ്യാറാക്കിയത്. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി കോളനികളിലും സർക്കാർതന്നെ നേരിട്ട് കിറ്റ് നൽകി. റേഷൻകടകളിൽ വെള്ളിയാഴ്ചതന്നെ 80 ശതമാനവും എത്തിച്ചിരുന്നു. കിറ്റ് തീരുന്നമുറയ്ക്ക് എത്തിക്കാനും സംവിധാനമായി. ഉത്രാടം നാളോടെ എല്ലാവർക്കും കിറ്റ് എത്തും. ഈ വസ്തുത മറച്ചാണ് പ്രചാരണം
എന്നാൽ, ഭൂരിപക്ഷം ചാനലുകളും പരതിനടന്ന് ചില റേഷൻകടകൾ കണ്ടെത്തി കിറ്റ് കിട്ടിയില്ലെന്ന് വിലപിച്ചു. അതേസമയം, ചാനൽ ലേഖകർ സംസാരിച്ച റേഷൻകടക്കാർതന്നെ കള്ളവാർത്ത പൊളിക്കുകയുംചെയ്തു; ‘ഇവിടെ ഏതാനും കിറ്റേ കൊടുക്കേണ്ടതുള്ളൂ. അത് ഉച്ചയ്ക്ക് എത്തും, ഞങ്ങള് തന്നെ അത് അവരുടെ വീട്ടിലെത്തിക്കും’. എന്നായിരുന്നു പ്രതികരണം.
കൂടുതൽ എണ്ണം ഉള്ളിടത്ത് വിതരണംചെയ്ത്, ഇരുപതും മുപ്പതുംമാത്രം കൊടുക്കാനുള്ള റേഷൻകടകളിൽ അവസാനംമാത്രമാണ് കിറ്റ് എത്തിച്ചത്. ഏതാനും നിമിഷം ഇ പോസ് മെഷീൻ ഹാങ് ആയപ്പോഴേക്കും റേഷനും കിറ്റുവിതരണവും മുടങ്ങി എന്നായി കൂട്ടായ വാർത്ത. മെഷീൻ കേടായാലും മൊബൈൽ ഒടിപി വഴി റേഷൻ നൽകാം. കിറ്റ് വിതരണത്തിന് ഇ പോസ് മെഷീനുമായി ബന്ധമില്ല. ഇക്കാര്യം റേഷൻകടക്കാർ പറഞ്ഞിട്ടും വ്യാജപ്രചാരണം തുടർന്നു.