ബുഡാപെസ്റ്റ്
ഇന്ത്യ ലോക മെഡൽ നേടിയ പോലൊരു സന്തോഷം. പുരുഷന്മാരുടെ 4x 400 റിലേ ടീം ഹീറ്റ്സിൽ ഏഷ്യൻ റെക്കോഡ് തിരുത്തിയെങ്കിലും ഫൈനലിൽ അഞ്ചാമതായി. രണ്ട് മിനിറ്റ് 59.92 സെക്കൻഡ്. ട്രാക്കിലിറങ്ങിയ നാലിൽ മൂന്ന് പേരും മലയാളികളായിരുന്നു. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവർക്കൊപ്പം തമിഴ് നാട്ടുകാരൻ രാജേഷ് രമേഷും ട്രാക്കിലിറങ്ങി.
അമേരിക്ക സ്വർണവും (2:57. 31) ഫ്രാൻസ് വെളളിയും (2:58. 45) ബ്രിട്ടൻ വെങ്കലവും(2:58.71) സ്വന്തമാക്കി. ജമൈക്ക ഇന്ത്യക്ക് മുമ്പിൽ നാലാമതായി. അനസാണ് ആദ്യം ഓടിയത്. അഞ്ചാമതായാണ് അമോ ജിന് ബാറ്റൺ കൈമാറിയത്. ഹീറ്റ്സിലെ ത്രസിപ്പിക്കുന്ന ഓട്ടം ഡൽഹി മലയാളിക്ക് സാധ്യമായില്ല. ആറാമതായാണ് അജ്മലിന് ബാറ്റൺ കൊടുത്തത്. പാലക്കാട്ടുകാരൻ അത് തുടർന്നു. അവസാന കുതിപ്പിൽ രാജേഷ് അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ പാരുൾ ചൗധരി പതിനൊന്നാം സ്ഥാനത്തെത്തി. ഒമ്പത് മിനിറ്റ് 15. 31 സെക്കൻഡിൽ ദേശീയ റെക്കോഡ്. പാരിസ് ഒളിമ്പിക്സിന് യോഗ്യതയും കിട്ടി.ലോക അത്ലറ്റിക്–സിൽ അമേരിക്ക ആധിപത്യം നിലനിർത്തി. തുടർച്ചയായി നാലാം തവണയും ഓവറോൾ കിരീടം. 12 സ്വർണം, എട്ട് വെള്ളി, ഒമ്പത് വെങ്കലം. രണ്ടാമതെത്തിയ ക്യാനഡയ്ക്ക് നാല് സ്വർണവും രണ്ട് വെള്ളിയും.