കണ്ണൂർ
‘‘കണ്ടപ്പോൾ കരച്ചിലാണു വന്നത്. എങ്ങനെയിത് ചെയ്യാനാകുന്നു. കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുന്നിൽനിർത്താൻ നിങ്ങൾക്ക് കൊലപാതകിയെമാത്രമേ കിട്ടിയുള്ളൂ….’’ –-കടുത്ത വേദനയോടെയുള്ള പ്രതികരണം രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രന്റേത്.
‘‘ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ കോൺഗ്രസുകാർ വീണ്ടും വലിയ സ്ഥാനങ്ങളിൽ അവരോധിക്കുകയല്ലേ. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന, എല്ലാവരെയും സ്നേഹിക്കാൻമാത്രമറിയാവുന്ന എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞതല്ലേ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനോട് ജനങ്ങൾക്ക് സഹതാപമാണുപോലും. ഞങ്ങൾക്ക് കിട്ടാത്ത എന്ത് സഹതാപമാണ് ചാണ്ടി ഉമ്മന് കൊടുക്കുന്നത് ’’ –-രാജേന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ധീരജിന്റെ തളിപ്പറമ്പിലെ വീട്ടിൽ ഇന്നും കണ്ണീരുണങ്ങിയിട്ടില്ല. അവന്റെ ഓർമയിലാണ് അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും അനിയൻ അദ്വൈതും കഴിയുന്നത്. ധീരജിന്റെ കൊലപാതകത്തിനുശേഷവും കുടുംബത്തെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു കോൺഗ്രസ്സുകാർ. ഇരന്നുവാങ്ങിയ മരണമെന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പലതവണ ഇത് ആവർത്തിച്ചു. ധീരജ് ലഹരിയ്ക്കടിമയാണെന്ന വ്യാജപ്രചാരണമായിരുന്നു മറ്റൊന്ന്. ഈ ഘട്ടങ്ങളിലെല്ലാം രാജേന്ദ്രനും പുഷ്കലയും വേദനിച്ചു. നിഖിൽ പൈലിയെ മുന്നിൽനിർത്തിയുള്ള പ്രചാരണം എത്ര മോശം സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് ചോദിക്കുകയാണ് ഈ അച്ഛനും അമ്മയും. ‘‘ കെ സുധാകരന്റെ രാഷ്ട്രീയമാണ് പുതുപ്പള്ളിയിലേതെന്ന് കരുതിയില്ല. പക്ഷേ, ഇപ്പോൾ ബോധ്യമായി. പുതുതലമുറയിലെ ചാണ്ടി ഉമ്മൻപോലും കൊലപാതക രാഷ്ട്രീയത്തെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. ഞങ്ങളുടെ കണ്ണീർ ജനങ്ങൾ കാണും. അവർ തിരിച്ചറിയും’’ –-രാജേന്ദ്രൻ പറഞ്ഞു.