ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിന് ഇന്ന് തുടക്കം. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ സ്പെയ്നിന്റെ കാർലോസ് അൽകാരസും സെർബിയയുടെ ഇതിഹാസതാരം നൊവാക് ജൊകോവിച്ചുമാണ് കിരീടസാധ്യതകളിൽ മുന്നിൽ.
ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ജൊകോവിച്ചിനെ വീഴ്ത്തി അൽകാരസ് കിരീടംചൂടിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച സിൻസിനാറ്റി ഓപ്പണിൽ സ്പാനിഷുകാരനെ ജൊകോ തോൽപ്പിച്ചു. 24–-ാം ഗ്രാൻഡ്സ്ലാമാണ് ഇത്തവണ മുപ്പത്താറുകാരൻ ലക്ഷ്യമിടുന്നത്. ആദ്യറൗണ്ടിൽ നാളെ ഫ്രാൻസിന്റെ അലെയാന്ദ്രെ മുള്ളറാണ് എതിരാളി. അൽകാരസ് നാളെ ജർമനിയുടെ ഡൊമിനിക് കൊപെറുമായി ഏറ്റുമുട്ടും.
ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, നോർവെയുടെ കാസ്പെർ റൂഡ് തുടങ്ങിയ പ്രധാന താരങ്ങളും ഇത്തവണ കിരീടപ്രതീക്ഷയിലാണ്.
വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ പോളണ്ടിന്റെ ഇഗ ഷ്വിയാടെക്കിന് വെല്ലുവിളിയായി ബെലാറുസിന്റെ അരിയാന സബലെങ്ക, ടുണീഷ്യയുടെ ഓൻസ് ജാബെർ തുടങ്ങിയവരുണ്ട്.