ബുഡാപെസ്റ്റ്
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവുമായി അമേരിക്കയുടെ നോഹ ലെയ്ൽസ് താരരാജാവായി. 2015ൽ മിന്നലോട്ടക്കാരൻ യുസൈൻ ബോൾട്ടിന് സാധ്യമായ നേട്ടം. 100 മീറ്റർ ജയിച്ച് നോഹ ലോകത്തെ വേഗക്കാരനായിരുന്നു. 200 മീറ്ററും അനായാസം ജയിച്ച് സ്പ്രിന്റ് ഡബിൾ നേടി. പുരുഷന്മാരുടെ 4×100 മീറ്റർ റിലേയിൽ സ്വർണമൊരുക്കിയാണ് അപൂർവനേട്ടം.
ലോകത്തെ ഏറ്റവും മികച്ച ടീമുകൾ അണിനിരന്ന റിലേയിൽ ഇറ്റലിയെയും ജമൈക്കയെയും പിന്തള്ളിയാണ് വിജയക്കുതിപ്പ്. ക്രിസ്റ്റ്യൻ കോൾമാൻ, ഫ്രെഡ് കെർലി, ബ്രൻഡൻ കാർനസ് എന്നിവർക്കൊപ്പമാണ് നോഹ റിലേ ടീമിനെ നയിച്ചത്. അവസാനമായി ബാറ്റണേന്തിയ നോഹയ്ക്കുമുമ്പിൽ എതിരാളികൾ നിഷ്പ്രഭരായി. 37.38 സെക്കൻഡിലാണ് സ്വർണം. വെള്ളി സ്വന്തമാക്കിയ ഇറ്റലി 37.62 സെക്കൻഡിലെത്തി. ജമൈക്കയുടെ വെങ്കലത്തിന് 37.76 സെക്കൻഡെടുത്തു.
വനിതകളുടെ റിലേയിലും അമേരിക്കൻ ആധിപത്യമായിരുന്നു. ടമാരി ഡേവിസ്, ട്വാനിഷ ടെറി, ഗബ്രിയല്ലി തോമസ്, ഷകാറി റിച്ചാർഡ്സൺ എന്നിവരാണ് സ്വർണവേട്ട നടത്തിയത്. 100 മീറ്ററിൽ സ്വർണത്തോടെ വേഗക്കാരിയായ ഷകാറിയുടെ കൈവശമായിരുന്നു അവസാന ബാറ്റൺ. ജമൈക്കയ്ക്കായി അവസാന ലാപ് ഓടിയത് 200 മീറ്റർ ജേത്രി ഷറീക ജാക്സൺ. ഇരുവരും തമ്മിലുള്ള 100 മീറ്റർ പോര് റിലേയിലുമുണ്ടായി. ഇക്കുറിയും ഷകാറി മുന്നിലെത്തിയപ്പോൾ അമേരിക്കയ്ക്ക് ചാമ്പ്യൻഷിപ് റെക്കോഡോടെ സ്വർണം. സമയം 41.03 സെക്കൻഡ്. രണ്ടാമതെത്തിയ ജമൈക്കൻ ടീമിൽ മുപ്പത്താറാം വയസ്സിലും ട്രാക്കിൽ വിസ്മയം വിതറുന്ന ഷെല്ലി ആൻ ഫ്രേസറുണ്ടായിരുന്നു. ഷെല്ലിക്ക് 100 മീറ്ററിൽ വെങ്കലമായിരുന്നു. അടുത്തവർഷത്തെ പാരിസ് ഒളിമ്പിക്സിലും ഷെല്ലിയെ പ്രതീക്ഷിക്കാം. ലോക അത്ലറ്റിക്സിൽ 16 മെഡലായി. അതിൽ അഞ്ചും 100 മീറ്റർ സ്വർണമാണ്.
പുരുഷന്മാരുടെ പോൾവോൾട്ടിൽ ലോക റെക്കോഡുകാരൻ സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസിന് എതിരില്ല. 6.10 മീറ്ററാണ് ചാടിയത്. ഇരുപത്തിമൂന്നുകാരൻ സ്വന്തം പേരിലുള്ള ലോക റെക്കോഡ് (6.22 മീറ്റർ) തിരുത്താൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഡെക്കാത്ത്ലണിൽ ക്യാനഡ 1-–-2 ഫിനിഷ് നടത്തി. പിയേഴ്സ് ലെപഗേ സ്വർണവും ഡാമിയൻ വാർക്കർ വെള്ളിയും നേടി. 800 മീറ്ററിൽ ക്യാനഡക്കാരൻ മാർകോ അറോപിനാണ് സ്വർണം. വനിതകളുടെ 5000 മീറ്ററിൽ കെനിയയുടെ ഫെയ്ത്ത് കിപിഗർ ഒന്നാമതെത്തി.