ഹരാരെ
സിംബാബ്വെയിൽ തുടർഭരണം നേടി പ്രസിഡന്റ് എമേഴ്സൺ മനാഗാഗ്വ. രണ്ട് ദിവസമായി നടന്ന വോട്ടെടുപ്പിന്റെ ഫലം ശനി രാത്രിയാണ് പുറത്തുവിട്ടത്. മനാഗാഗ്വ 52.6 ശതമാനവും മുഖ്യ എതിരാളിയായ പ്രതിപക്ഷ നേതാവ് നെൽസൺ ചമിസ 44 ശതമാനവും വോട്ടുനേടി. എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കുന്നില്ലെന്നും ചമിസയുടെ സിറ്റിസൺസ് കൊയലിഷൻ ഫോർ ചേഞ്ച് പാർടി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നും ആഫ്രിക്കൻ യൂണിയനിൽനിന്നുമുള്ള നിരീക്ഷകരും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
പലയിടത്തും ചമിസയുടെ അനുകൂലികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ റിപ്പോർട്ട് ചെയ്തു. അതിനാൽ ഫലം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. 1980ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ രാജ്യത്ത് മനാഗാഗ്വയുടെ എസിംബാബ്വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ–- പാട്രിയോട്ടിക് ഫ്രണ്ടാണ് ഭരണത്തിൽ. 2017ൽ റോബർട്ട് മുഗാബെയുടെ ഏകാധിപത്യ ഭരണം അട്ടിമറിച്ച മനാഗാഗ്വ, 2018ൽ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്ത് എൺപതുകാരനായ മനാഗാഗ്വയുടെ അവസാന ഊഴമാണിത്.