ലണ്ടൻ
വൈദ്യപരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് ആണവ മൂലകങ്ങളടങ്ങിയ (റോഡിയോ ആക്ടീവ് ഐസോടോപ്പുകൾ) ചപ്പാത്തി നൽകിയ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപി. ലേബർ പാർടി എംപിയും സ്ത്രീകളും സമത്വവുമായി ബന്ധപ്പെട്ട വകുപ്പിൽ ഷാഡോ മന്ത്രിയുമായ തയ്വോ ഒവാടെമിയാണ് 1969ൽ നടന്ന പരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്.
ദക്ഷിണേഷ്യക്കാരിൽ കാണപ്പെടുന്ന ഇരുമ്പിന്റെ കുറവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനായി ഇന്ത്യൻ വംശജരായ 21 സ്ത്രീകൾക്ക് ‘അയൺ 59’ കലർന്ന ചപ്പാത്തി നൽകുകയായിരുന്നു. ഈ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എന്ത് സംഭവിച്ചു എന്നതിൽ ആശങ്കയുണ്ടെന്ന് എംപി സമൂഹമാധ്യമത്തിൽ കുറിച്ചു. സെപ്തംബറിൽ പാർലമെന്റ് വീണ്ടും ചേരുമ്പോൾ നിയമപരമായ അന്വേഷണം ആവശ്യപ്പെടും. ഈ സ്ത്രീകളെ കണ്ടെത്തണമെന്ന മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ നിർദേശം അവഗണിച്ചതിന്റെ കാരണവും വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.