പൊന്നാനി
മുപ്പത്തിയേഴാമത് അബുദാബി–-ശക്തി പുരസ്കാരങ്ങൾ പൊന്നാനിയിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിച്ചു. 2006വരെ അവാർഡ് കമ്മിറ്റി ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ടി കെ രാമകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള ശക്തി–-ടി കെ രാമകൃഷ്ണൻ പുരസ്കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു.
കെ ജയകുമാർ, പി എൻ ഗോപീകൃഷ്ണൻ (കവിത), ഡോ. ബി ഇക്ബാൽ, ബി ശ്രീകുമാർ (വൈജ്ഞാനിക സാഹിത്യം), പി വി ഷാജികുമാർ (ചെറുകഥ), മാനസിദേവി, അജയകുമാർ (നോവൽ), എമിൽ മാധവി, ജോൺ ഫെർണാണ്ടസ് (നാടകം), പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ (ബാലസാഹിത്യം), വി എസ് രാജേഷ്, ഡോ. ശ്രീകല മുല്ലശേരി (ഇതര സാഹിത്യം), കെ വി സജയ്, പി ജി സദാനന്ദൻ (നിരൂപണ സാഹിത്യം) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പുരസ്കാര കമ്മിറ്റി ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. കഥാകൃത്ത് ടി പത്മനാഭൻ മുഖ്യാതിഥിയായി. പുരസ്കാരംനേടിയ കൃതികൾ കവി പ്രഭാവർമ പരിചയപ്പെടുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പുരസ്കാര കമ്മിറ്റി കൺവീനർ എ കെ മൂസ, പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ്, അഡ്വ. അൻസാരി സൈനുദ്ദീൻ, ടി കെ മനോജ്, സഫറുള്ള പാലപ്പെട്ടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി നന്ദകുമാർ എംഎൽഎ സ്വാഗതവും ജനറൽ കൺവീനർ അഡ്വ. പി കെ ഖലീമുദ്ദീൻ നന്ദിയും പറഞ്ഞു.