തിരുവനന്തപുരം
വ്യാജവാർത്തകളിലൂടെ സർക്കാരിനെയും എൽഡിഎഫിനെയും കരിവാരിത്തേക്കാൻ കോൺഗ്രസ് പിആർ സംഘം രംഗത്ത്. മുമ്പ് ബിജെപിയിൽ ആയിരുന്ന പിആർ തന്ത്രജ്ഞൻ സുനിൽ കനിഗോലുവിന്റെ നേതൃത്വത്തിലുള്ള ദേശീയ സംഘത്തിനു പുറമെ കേരളത്തിന് പ്രത്യേക ടീമുണ്ട്. കെ സി വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് പ്രവർത്തനം. മല്ലികാർജുൻ ഖാർഗെയുടെ മകൻ എംഎൽഎ കൂടിയായ പ്രിയങ്ക് ഖാർഗെ, കർണാടകത്തിലെ മലയാളിയായ മന്ത്രി തുടങ്ങിയവരും പിന്നിലുണ്ട്.
കർണാടകത്തിൽ പയറ്റിയ ‘കമീഷൻ സർക്കാർ’ പ്രചാരണം ഇവിടെ ഏൽക്കില്ലെന്നു കണ്ടതോടെയാണ് ദിവസേന വ്യാജ വാർത്താനിർമിതി. വിലക്കയറ്റം, സപ്ലൈക്കോയ്ക്ക് എതിരായ പ്രചാരണം, മാസപ്പടി, കെ കെ ശൈലജ സിലബസിൽ, ഓണക്കിറ്റില്ല, ആരോഗ്യമേഖല തകർന്നു തുടങ്ങിയവ ഉദാഹരണം. കുപ്രചാരണത്തിന് കേന്ദ്ര സർക്കാർ സഹായവുമുണ്ട്. വ്യാജവാർത്തകൾ ബുള്ളറ്റിനുകളിൽ കുത്തിനിറയ്ക്കലാണ് ആദ്യഘട്ടം. തുടർന്ന് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം, മറ്റു പ്രതികരണം, വ്യാപകപ്രചാരണവും.
രാജസ്ഥാൻ സർക്കാരിന്റേതടക്കം കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്നുള്ള പരസ്യങ്ങളുടെപേരിൽ കോടികളാണ് മാധ്യമ സ്ഥാപനങ്ങളിലേക്ക് ഒഴുക്കുന്നത്. കോൺഗ്രസിന് എതിരായി വാർത്ത വന്നാൽ ‘ഹൈക്കമാൻഡ്’ നേതാക്കൾ ഇടപെടുന്നതായി മാധ്യമ പ്രവർത്തകരടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തയുടെ ‘ആങ്കിൾ’പോലും പുറമെനിന്ന് നിശ്ചയിക്കുന്നു. ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ് വളർന്ന ചാനലടക്കം ഇതിന്റെ ഭാഗമായി.
അയ്യൻകാളി ഹാളിൽ ഉമ്മൻചാണ്ടി അനുസ്മരണസമ്മേളനംമുതൽ പുതുപ്പള്ളിനീക്കം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി വന്നില്ലെങ്കിൽ അത് വൻപ്രചാരണ ആയുധമാക്കാനും വന്നാൽ പ്രകോപിപ്പിച്ചു കുഴപ്പമുണ്ടാക്കാനും ആയിരുന്നു ആലോചനയെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഊതിപ്പെരുപ്പിച്ച വാർത്തകൾ ഒരുദിവസംപോലും നിൽക്കില്ലെന്നു കണ്ടാണ് പുതുപ്പള്ളിയിൽ സഹതാപം കൂടുതൽ സജീവമാക്കിയത്.